| Thursday, 16th February 2023, 9:03 am

ആദിയില്‍ അത്ര നന്നായില്ലെന്ന തോന്നലുണ്ടെന്ന് പ്രണവ് പറഞ്ഞിരുന്നു, നല്ല കാര്യമെന്നാണ് ഞാന്‍ മറുപടി കൊടുത്തത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകനായി അഭിനയിച്ച ആദ്യ രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട നടനാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ് വിമര്‍ശകര്‍ക്ക് പ്രണവ് മറുപടി നല്‍കിയത്. ഒമിക്രോണ്‍ ഭീഷണിയില്‍ 50 ശതമാനം ഒക്യുപെന്‍സിയില്‍ പ്രദര്‍ശിപ്പിച്ച ഹൃദയം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

ആദിയിലെ പ്രകടനത്തിന് പ്രണവിനെതിരെ വന്ന വിമര്‍ശനങ്ങളെ പറ്റി പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. അന്ന് പ്രണവ് ഒരു തുടക്കകാരനായിരുന്നുവെന്നും അതിന്റേതായ പ്രശ്‌നങ്ങളാണ് കണ്ടിരുന്നതെന്നും ജീത്തു പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ഇതുപോലെ സ്വയം തെളിഞ്ഞുവന്നവരാണെന്നും വിനീതിനെ പോലെയുള്ള സംവിധായകരുടെ കയ്യില്‍ കിട്ടിയാല്‍ പ്രണവിന് ഇനിയും മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ കഴിയുമെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു പറഞ്ഞു.

‘ഹൃദയം കണ്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. കാരണം അന്ന് പലരും ആ പ്രണവിനെ പറ്റി സംസാരിച്ചപ്പോള്‍ ഇയാളൊരു തുടക്കകാരനാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. സാധാരണ തുടക്കക്കാരന്റെ ഒരു ബുദ്ധിമുട്ടും കാണിക്കാതെ അയാള്‍ ആദിയില്‍ അഭിനയിച്ചു. പക്ഷേ പെര്‍ഫെക്ടല്ല. ആരും പെര്‍ഫെക്ടല്ല. ഇനിയും ഒരുപാട് ഇംപ്രൂവ് ചെയ്യാനുണ്ട്.

എല്ലാ ആര്‍ട്ടിസ്റ്റുകളും അങ്ങനെയല്ലേ. മമ്മൂക്കയേയും മോഹന്‍ലാലിനേയും എടുത്താല്‍ ഇവരെല്ലാവരും കഴിവുള്ളവരാണ്. അവര്‍ കൂടുതല്‍ വര്‍ക്ക് ചെയ്ത് എക്‌സ്പീരിയന്‍സിലൂടെ അവരെതന്നെ പോളിഷ് ചെയ്‌തെടുത്ത് വന്നവരല്ലേ. അതിന്റെ നല്ലൊരു സൈനാണ് പ്രണവിലും കണ്ടത്. വിനീതിനെ പോലെ ഒരാള്‍ അത് നന്നായി യൂസ് ചെയ്തു. ഇനിയും അതുപോലെ നല്ല കഥയും കഥാപാത്രവും വരുമ്പോള്‍ പ്രണവ് നന്നായി ചെയ്യും.

ആദി കണ്ടിട്ട്, ചേട്ടാ ഇതില്‍ ഞാന്‍ അത്ര നന്നായില്ലെന്ന തോന്നല്‍ ഉണ്ടെന്ന് പ്രണവ് പറഞ്ഞിരുന്നു. നല്ല കാര്യം, അത് തന്നെയാണ് ഏറ്റവും നല്ല സൈന്‍ എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ചെയ്തത് ഗംഭീരമായി എന്ന് തോന്നിയാല്‍ തന്നെ വലിയ അപകടമാണ്. എനിക്ക് വളരെ സന്തോഷം തോന്നി,’ ജീത്തു പറഞ്ഞു.

അതേസമയം പ്രണവിന്റെ അടുത്ത ചിത്രം ഉടന്‍ തന്നെ ഉണ്ടാകുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടൂര്‍ ഒക്കെ കഴിഞ്ഞ് പ്രണവ് വന്നുവെന്നും കഥകള്‍ കേള്‍ക്കാന്‍ ഉടനെ ഇരിക്കുമെന്നും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യമാണ് പറഞ്ഞത്.

Content Highlight: jeethu joseph about criticism against pranav mohanlal

We use cookies to give you the best possible experience. Learn more