വ്യത്യസ്തമായ സിനിമകള്‍ കൊണ്ട് ലോകത്താകമാനം ശ്രദ്ധനേടാന്‍ മലയാള സിനിമക്ക് കഴിയാറുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്ന താരമാണ് മമ്മൂട്ടി. അഭിനയിക്കുന്ന പരീക്ഷണ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു റിലീസായത്.
ഇപ്പോള്‍ ഭ്രമയുഗം കണ്ട ശേഷം ഇന്‍സ്റ്റഗ്രാമില്‍ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഭ്രമയുഗം കണ്ടെന്നും അത് തികച്ചും പുതിയൊരു സിനിമാനുഭവമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ചിത്രം തിയേറ്ററില്‍ പോയി കാണേണ്ടതാണെന്നും ജീത്തു ജോസഫ് പറയുന്നു.
‘ഭ്രമയുഗം കണ്ടു. തികച്ചും പുതിയൊരു സിനിമാനുഭവമാണ്. ഒരു തിയേറ്റര്‍ മസ്റ്റ് വാച്ച്,’ എന്ന ക്യാപ്ഷനോടെയാണ് ജീത്തു ജോസഫ് ഭ്രമയുഗത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു അദ്ദേഹം ഷെയര്‍ ചെയ്തത്.
ഭ്രമയുഗത്തില്‍ മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. രാഹുലിന്റെ അടുത്ത സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ സിനിമാ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു.
റിലീസായതിന് ശേഷം മികച്ച പ്രതികരണമാണ് ഭ്രമയുഗം നേടുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.
‘ഞാന്‍ സാറിന്റെ ഡൈ ഹാര്‍ട്ട് ഫാനാണ്’ എന്ന ഒരു കമന്റും അതിന് പുറമെ ‘വൗ മൈന്‍ഡ് ബ്ലോയിങ്’ എന്ന മറ്റൊരു കമന്റുമാണ് സംവിധായകനും തിരക്കഥാകൃത്തുമായ സെല്‍വരാഘവന്‍ കുറിച്ചത്.
Content Highlight: Jeethu Joseph About Bramayugam Movie