നിര്‍മാതാവായ ആന്റണി പെരുമ്പാവൂരുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് ജീത്തു ജോസഫ്. താന്‍ മമ്മി ആന്‍ഡ് മീ എന്ന സിനിമ ചെയ്യുന്ന സമയത്ത് നിര്‍മാതാവ് ജോജു തോമസ് കഥ ആന്റണി പെരുമ്പാവൂരിനോട് പറയണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അതോടെ ആ പ്രൊജക്ട് നടക്കില്ലെന്ന് താന്‍ കരുതിയെന്നും ആന്റണി പറഞ്ഞു.
എന്നാല്‍ കഥ പറഞ്ഞപ്പോള്‍ ഉഗ്രനാണെന്നായിരുന്നു ആന്റണിയുടെ പ്രതികരണമെന്നും ജീത്തു പറഞ്ഞു. പുതിയ ചിത്രമായ നേരിന്റെ പ്രെസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസപ്.
‘ആന്റണിക്കും കഥ ഇഷ്ടപ്പെടണം. ജീത്തു ജോസഫ് ഒരു കഥ പറയാന്‍ വരുമ്പോള്‍ നമുക്ക് പരിചയമുള്ള ഒരാളല്ലേ എന്ന് വിചാരിച്ചല്ല അദ്ദേഹം പടം ചെയ്യുന്നത്. കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ജഡ്ജ്‌മെന്റുണ്ട്.
എന്റെ രണ്ടാമത്തെ പടമായ മമ്മി ആന്‍ഡ് മീ എന്ന പടത്തിന്റെ പ്രൊഡ്യൂസര്‍ ജോജു തോമസാണ്. അദ്ദേഹം അന്ന് കഥ കേട്ടിട്ട് സുഹൃത്തായ ആന്റണിയോട് കഥ പറയണമെന്ന് പറഞ്ഞു. അന്ന് ഞങ്ങള്‍ ഒരുമിച്ച് പടം ചെയ്തിട്ടില്ല. ആന്റണിയോട് കഥ പറയണമെന്ന് പറഞ്ഞപ്പോള്‍ ആ പ്രൊജക്ട് നടക്കില്ലെന്ന് ഞാന്‍ കരുതി.
എന്നാല്‍ കഥ പറഞ്ഞപ്പോള്‍ ഉഗ്രന്‍ സിനിമയാണ്, തീര്‍ച്ചയായും ചെയ്യണമെന്നാണ് ആന്റണി പറഞ്ഞത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ജഡ്ജ്‌മെന്റുണ്ട്. അദ്ദേഹത്തിന് ഇഷ്ടമാവുമ്പോഴാണ് ഒരു പടം ചെയ്യുന്നത്,’ ജീത്തു ജോസഫ് പറഞ്ഞു.
ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍, പ്രിയ മണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. നേരിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.
Content Highlight: Jeethu joseph about Antony Perumbavoor