| Monday, 1st January 2024, 11:19 pm

സ്ക്രിപ്റ്റ് ലോക്ക് ചെയ്തപ്പോഴേ ആ കഥാപാത്രത്തിന് അയാളുടെ മുഖമായിരുന്നു; എന്നാൽ ഡേറ്റിന് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേര് എന്ന സിനിമയുടെ സുപ്രധാന കഥാപാത്രമാണ് സാറായുടേത്. സാറ എന്ന കഥാപാത്രം അനശ്വര രാജൻ എന്ന നടിയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. തങ്ങൾ സ്ക്രിപ്റ്റ് ലോക്ക് ചെയ്തപ്പോൾ തന്നെ അനശ്വരയുടെ പേരാണ് മനസിൽ ഉണ്ടായതെന്ന് ജീത്തു ജോസഫ് പറഞ്ഞു. അനശ്വര ഒരുപാട് പടങ്ങൾ ചെയ്യുന്നത് കൊണ്ട് ഡേറ്റിന്റെ പ്രശ്നമുണ്ടാവുമോയെന്ന സംശയമുണ്ടായിരുന്നെന്ന് ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ സ്ക്രിപ്റ്റ് ലോക്ക് ചെയ്തപ്പഴേ ഞാൻ സജസ്റ്റ് ചെയ്ത പേരാണ് അനശ്വര രാജൻ എന്നുള്ളത്. അപ്പോൾ തന്നെ എല്ലാവർക്കും അത് ഓക്കെ ആയിരുന്നു. പിന്നെ ഡേറ്റ് കിട്ടുമോ എന്നുള്ള ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം പുള്ളിക്കാരത്തി ഒരുപാട് പടങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അവരോട് കഥ പറഞ്ഞപ്പോൾ അവർക്കും നല്ല ഇഷ്ട്ടമായി. ഡേറ്റിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. അതൊക്കെ അവിടുന്നും ഇവിടുന്നും സംഘടിപ്പിച്ചാണ് അഭിനയിച്ചത്,’ ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് നേര്. ചിത്രത്തിൽ മോഹൻലാലിന് പുറമെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനശ്വര രാജനാണ്. സാറ എന്ന കണ്ണ് കാണാത്ത പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. താരത്തിന്റെ കരിയർ ബെസ്റ്റ് കഥാപാത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം അനശ്വര രാജന് പുറമെ സിദ്ദീഖ്, പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.

Content Highlight: Jeethu Joseph about Anaswara Rajan entering in neru movie

We use cookies to give you the best possible experience. Learn more