| Tuesday, 1st November 2022, 1:17 pm

ലാസ്റ്റ് മിനിട്ടില്‍ ആ സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് മീന പറഞ്ഞു; നിങ്ങള്‍ കണ്ടതിനേക്കാളും കൂടുതലായിരുന്നു മേക്കപ്പ്; ഞാനും ലാല്‍ സാറും മാക്‌സിമം കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം സിനിമയില്‍ വലിയ വിമര്‍ശനം നേരിട്ട ഒന്നായിരുന്നു നടി മീനയുടെ കഥാപാത്രത്തിന് നല്‍കിയ മേക്കപ്പ്. തൊടുപുഴക്കാരി വീട്ടമ്മയ്ക്ക് പറ്റിയ ഡ്രസ്സിങ് ആയിരുന്നില്ല മീനയുടേതെന്നും അത്രയേറെ സംഘര്‍ഷങ്ങള്‍ പേറി ജീവിക്കുന്ന സമയത്തും ഫുള്‍ മേക്കപ്പില്‍ എത്തുന്ന വീട്ടമ്മയായി മീനയുടെ കഥാപാത്രത്തെ മാറ്റിയെന്ന വിമര്‍ശനവുമായിരുന്നു അന്ന് ഉയര്‍ന്നത്.

പിന്നീട് ജീത്തു ജോസഫിന് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം പറയേണ്ടിയും വന്നിരുന്നു. ആസിഫ് അലി നായകനാകുന്ന തന്റെ പുതിയ ചിത്രമായ കൂമനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയും ദൃശ്യം സിനിമയ്‌ക്കെതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ച് ജീത്തു ജോസഫ് സംസാരിക്കുന്നുണ്ട്.

ലൊക്കേഷനില്‍ ചില കോംപ്രമൈസുകള്‍ക്ക് തയ്യാറാകേണ്ടി വരുന്ന ഘട്ടത്തെ കുറിച്ചാണ് ‘ദി ഫോര്‍ത്തി’ന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് സംസാരിക്കുന്നത്.

‘മീനയെ ഞങ്ങള്‍ കുറ്റംപറയുകയല്ല. അത് പുള്ളിക്കാരിയുടെ കുഴപ്പവുമല്ല. ഞങ്ങള്‍ പറഞ്ഞിട്ട് പുള്ളിക്കാരിക്ക് മനസിലായില്ല. മേക്കപ്പിലാണെങ്കിലും അല്ലാത്ത ചില കാര്യങ്ങളിലുമൊക്കെ. പിന്നെ നമുക്ക് ഒരാളെ അണ്‍കംഫര്‍ട്ടബിളാക്കി പോകാനും പറ്റില്ല. ഒരു ആര്‍ടിസ്റ്റുമായി വഴക്കുണ്ടാക്കി പോകുന്നതിനോട് എനിക്ക് താത്പര്യമില്ല. കാരണം അവര്‍ പെര്‍ഫോം ചെയ്യേണ്ടവരാണ്.

കുറേയൊക്കെ പറഞ്ഞ് മനസിലാക്കി. നിങ്ങള്‍ ഇപ്പോള്‍ കണ്ടതിനേക്കാളുമൊക്കെ കൂടുതലായിരുന്നു. കുറച്ച അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പുള്ളിക്കാരിക്ക് അത് മനസിലാവാത്തതുകൊണ്ടാണ്. മാക്‌സിമം ഞാനും ലാല്‍ സാറും പറഞ്ഞു. കുറേയൊക്കെ കുറച്ചു. പിന്നെ അതങ്ങ് പോട്ടെയെന്ന് വെച്ചു.

സിനിമയുടെ ആദ്യത്തെ വാച്ചില്‍ തന്നെ ഇത് കണ്ടുപിടിച്ചവരുണ്ട്. ചിലര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഇന്നാണെങ്കില്‍ ഞാന്‍ അവരോട് അത് പറ്റില്ലെന്ന് പറഞ്ഞേനെ. ഇത് ലാല്‍ സാറുമായി ആദ്യമായി ചെയ്യുന്ന പടം. പുള്ളി എന്ത് വിചാരിക്കുമെന്ന തോന്നല്‍. അവര്‍ പിണങ്ങി മാറിയൊക്കെ ഇരുന്നാല്‍ ഷൂട്ട് നടന്നില്ലെങ്കില്‍ എന്താവും എന്നൊക്കെയുള്ള ആലോചനയായിരുന്നു. ശരിക്കും അങ്ങനെയൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. ഡയറക്ടര്‍ പറയേണ്ടത് പറയണം. പക്ഷേ എനിക്ക് ആര്‍ടിസ്റ്റിനെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയില്ല.

മൈ ബോസ് ചെയ്യുന്ന സമയത്ത് ഞാന്‍ മംമ്തയെ പോയി കണ്ട് കഥ പറഞ്ഞപ്പോള്‍ സ്വിമ്മിങ് സ്യൂട്ട് ഇടേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്ന സ്വിമ്മിംഗ് സ്യൂട്ട് ഈ രീതിയില്‍ ഉള്ളതാണെന്നും വള്‍ഗാരിറ്റിയുള്ള ആംഗിളിലുള്ള ഷോട്ട് അല്ലെന്നും അവരോട് പറഞ്ഞു. കുഴപ്പമില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. ആ ക്ലാരിറ്റി ഞാന്‍ കൊടുത്തിരുന്നു.

തുടക്കത്തില്‍ ദൃശ്യത്തിന്റെ കഥ മീനയോട് പറഞ്ഞ സമയത്ത് ഒരു ക്ലീവേജ് ഷോട്ട് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എല്ലാം കേട്ട് ലാസ്റ്റ് മിനുട്ടില്‍ പുള്ളിക്കാരി അത് പറ്റില്ലെന്ന് പറഞ്ഞു. പിന്നെ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പിന്നൊക്കെ കുത്തി ചെയ്തു. അതൊക്കെ സിനിമയ്ക്ക് ആവശ്യമായ സീനുകളായിരുന്നു. ഇപ്പോഴാണെങ്കില്‍ ഫീമെയില്‍ ആര്‍ടിസ്റ്റുകളോട് നേരത്തെ തന്നെ എല്ലാം പറയും. അവര്‍ അത് മനസിലാക്കിയ ശേഷം സെറ്റില്‍ വരണം. അല്ലാതെ സെറ്റില്‍ വന്ന് അണ്‍കംഫര്‍ബിള്‍ ആവരുതല്ലോ. ഒരിക്കലും സീനുകള്‍ ഒഴിവാക്കാറില്ലെങ്കിലും എന്തെങ്കിലും അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി ആ സീന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാറുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph about Actress Meena s Make Up Issues on Drishyam Movie

We use cookies to give you the best possible experience. Learn more