Movie Day
നേരിലെ ആ സീനുകളില്‍ ഞങ്ങള്‍ക്ക് അത്ര കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല; ഇമോഷണല്‍ രംഗങ്ങള്‍ വര്‍ക്കാവുമെന്ന് ഉറപ്പായിരുന്നു: ജീത്തു ജോസഫ്
ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ തിരിച്ചുവരവായും ജീത്തുജോസഫിന്റെ കരിയറിലെ മികച്ച ഹിറ്റായുമൊക്കെ ചിത്രം വിലയിരുത്തപ്പെടുന്നുണ്ട്. ഒപ്പം ഒരുപിടി അഭിനേതാക്കളുടെ മികച്ച പ്രകടനമുള്ള ചിത്രമായും നേര് അടയാളപ്പെടുത്തുന്നുണ്ട്.
നേരില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവുള്ള ചില ഏരിയകള്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിലെ ഇമോഷണല്‍ രംഗങ്ങള്‍ എല്ലാം ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുള്ളപ്പോഴും ചില രംഗങ്ങള്‍ ആളുകളെ എത്രത്തോളം പിടിച്ചിരുത്തുമെന്നതില്‍ തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു എന്നാണ് ജീത്തു ജോസഫ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ക്ലൈമാക്‌സിലെ സിദ്ദിഖിന്റെ സീനൊക്കെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുമെന്ന് അറിയാമായിരുന്നു. ശാന്തി ഡയലോഗ് എഴുതിയപ്പോള്‍ തന്നെ അത് വര്‍ക്ക് ഔട്ട് ആകുമെന്ന് അറിയുമായിരുന്നു. അതൊക്കെ നമ്മുടെ കോണ്‍ഫിഡന്‍സിലുള്ള ഏരിയ ആയിരുന്നു. ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്ന ഏരിയ വാദ പ്രതിവാദം നടക്കുന്ന സീനുകളായിരുന്നു. അത് ആളുകളെ എത്രമാത്രം രസിപ്പിച്ചിരുത്തുമെന്നുള്ളതായിരുന്നു ഞങ്ങളുടെ ആശങ്ക. അത്തരം സീനുകള്‍ ആളുകള്‍ എത്രമാത്രം എന്‍ഗേജ് ചെയ്യിക്കുമെന്നതില്‍ സംശയമുണ്ടായിരുന്നു.
ഇമോഷണല്‍ ഏരിയയില്‍ എല്ലാവരും കോണ്‍ഫിഡന്‍ന്റ് ആയിരുന്നു. നല്ല സിനിമയാകുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇതുപോലെ ആഘോഷിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു, ജീത്തു ജോസഫ് പറഞ്ഞു.
നേരിന്റെ രണ്ടാം ഭാഗത്തെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ലെന്നും തെലുങ്കിലേക്ക് റീ മേക്ക് ചെയ്യുമെന്ന വാര്‍ത്തയിലൊന്നും സത്യമില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.
നേരിലെ ഓരോ കഥാപാത്രങ്ങളേയും കാസ്റ്റ് ചെയ്തത് എങ്ങനെയാണെന്നും അഭിമുഖത്തില്‍ ജീത്തു പറഞ്ഞു. സിദ്ദിഖ് തന്നെയായിരുന്നു ആ ക്യാരക്ടറിന് ഫസ്റ്റ് ഓപ്ഷന്‍. ഇതാണ് കഥാപാത്രം എന്ന് പറഞ്ഞപ്പോള്‍ തന്നെ സിദ്ദിഖ് ഓക്കെയാണ്.
അതുപോലെ അനശ്വര. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തപ്പോള്‍ തന്നെ അനശ്വര തന്നെയായിരുന്നു എന്റെ മനസില്‍. ഞാനാണ് സജസ്റ്റ് ചെയ്തത്. അവരുടെ ഡേറ്റ് കിട്ടുമോ എന്നതിലേ സംശയം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കഥ പറഞ്ഞപ്പോള്‍ തന്നെ അവര്‍ എക്‌സൈറ്റഡ് ആയിരുന്നു. ഡേറ്റ് പ്രശ്‌നമായിരുന്നു. പക്ഷേ പുള്ളിക്കാരി അത് അഡ്ജസ്റ്റ് ചെയ്തു.
ജഗദീഷും ആദ്യത്തെ ഓപ്ഷന്‍ തന്നെയായിരുന്നു. അച്ഛന്‍ ക്യാരക്ടറില്‍ തുടര്‍ച്ചയായി വരുന്നതുകൊണ്ട് അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുമോ എന്ന് സംശയമുണ്ടായിരുന്നു. കഥ ഇഷ്ടപ്പെട്ടതുകൊണ്ടും ആ കഥാപാത്രത്തിന് ഏരിയ ഉള്ളതുകൊണ്ടും ചെയ്യാമെന്ന് പുള്ളി ഏറ്റു.
അതുപോലെ ഗണേഷിനേയും ഫോണില്‍ വിളിച്ചാണ് കഥ പറഞ്ഞത്. അദ്ദേഹത്തിനും ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ വന്നു. അവസാന മിനുട്ടില്‍ നടക്കില്ലെന്ന സിറ്റുവേഷന്‍ വന്നിരുന്നു.
പക്ഷേ എങ്ങനെയെങ്കിലും ചെയ്‌തേ പറ്റൂ എന്ന അവസ്ഥയില്‍ പുള്ളിയും ലാല്‍സാറും അഡ്ജസ്റ്റ് ചെയ്താണ് ഷൂട്ടിന് വന്നത്. ചില ദിവസം ഹാഫ് ഡേ വര്‍ക്ക് ചെയ്ത് നിര്‍ത്തേണ്ടി വന്നിരുന്നു. പക്ഷേ പുള്ളിക്ക് നിര്‍ബന്ധമായിരുന്നു ആ കഥാപാത്രം പുള്ളി തന്ന ചെയ്യണമെന്ന്. മറ്റാരേയും ആലോചിക്കല്ലേയെന്ന് എന്നോട് പറഞ്ഞിരുന്നു, ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph about a particular scene on neru movie