| Tuesday, 8th November 2022, 10:10 pm

മണ്ടത്തരം പറയുന്നവര്‍ക്ക് മറുപടിയില്ല, ട്വല്‍ത്ത് മാന്‍ അത്തരമൊരു സിനിമയല്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.

ട്വല്‍ത്ത് മാന്‍ ആളുകള്‍ക്ക് വര്‍ക്കാവാത്തത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്വല്‍ത്ത് മാനെക്കുറിച്ച് ജീത്തു പറഞ്ഞത്.

”ട്വല്‍ത്ത് മാന്‍ എന്താണ് വര്‍ക്കാവാതെ പോയത്. സ്റ്റുപ്പിഡിറ്റിക്കൊന്നും നമ്മള്‍ മറുപടി കൊടുക്കേണ്ടതില്ല. എല്ലാവരും വിചാരിച്ച് വെച്ചിരിക്കുന്നത് ത്രില്ലറാണെന്നാണ്. ഒന്നാമത് അത് ത്രില്ലര്‍ അല്ല. അന്ന് തന്നെ ഞാന്‍ അത് പറഞ്ഞിരുന്നു. ചിലര്‍ക്ക് മാത്രമാണ് ഴോണര്‍ മനസിലാകുകയുള്ളു.

ഈ അടുത്ത് ഇറങ്ങിയ ഇംഗ്ലീഷ് സിനിമയായ നൈസ് ഔട്ട് പോലെയൊരു സിനിമയാണ് ട്വല്‍ത്ത് മാന്‍. കാണുമ്പോള്‍ ആരാണ് കൊലയാളി എന്ന ചിന്ത വരുന്ന സിനിമയാണ്. എല്ലാ സിനിമയും കേറി ത്രില്ലര്‍ എന്ന് പറയരുത്.

വേറെ ഒരു പ്രശ്‌നമെന്തെന്നാല്‍ ത്രില്ലര്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും വിചാരിക്കും ആക്ഷനും ബില്‍ഡപ്പ് ഷോട്ടും ഉണ്ടാവുമെന്നാണ്. ട്വല്‍ത്ത് മാന്‍ അങ്ങനെ ഒരു സിനിമയല്ല. ആ മോഡില്‍ അല്ല സിനിമ ചെയ്തത്. മണ്ടത്തരമാണ് അത്തരം സംസാരങ്ങള്‍. അങ്ങനെ പറയുന്നവരോട് മറുപടി പറഞ്ഞിട്ട് കാര്യമില്ല കാരണം അവര്‍ക്ക് അതറിയില്ല.

ഴോണര്‍ മനസിലാക്കിയവരെല്ലാം ആ സിനിമ ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്തു. എന്റെ ഫസ്റ്റ് സിനിമയായ ഡിറ്റക്ടീവ് സസ്‌പെന്‍സുള്ള സിനിമയാണ്. ഇന്‍വസ്റ്റിഗേഷനാണ് സിനിമ കാണിക്കുന്നത്. ആരാണ് കുറ്റവാളി എന്നതാണ് ട്വല്‍ത്ത് മാനില്‍ മെയിന്‍ ആയി നമ്മള്‍ കാണിക്കുന്നത്.

ഒരു ടേബിളിന് ചുറ്റിലും കുറച്ച് പേര്‍ ഇരിക്കുന്നു. ആ ഒരു വിരസത ഒഴിവാക്കാനാണ് അതില്‍ ചില ഗിമ്മിക്‌സ് ഒക്കെ ആഡ് ചെയ്തത്. ഈ അടുത്ത് ഞാന്‍ ഒരു റിവ്യൂ കണ്ടു. ഇങ്ങനെയുള്ളവരെങ്ങനെയാണ് ക്രിറ്റിക്‌സ് ആകുന്നതെന്നാണ് ഞാന്‍ ആലോചിച്ചത്.

ദൃശ്യം കണ്ട ഫീല്‍ ഞങ്ങള്‍ക്ക് കിട്ടിയില്ലെന്നാണ് എഴുതിയത്. ദൃശ്യം അല്ലാലോ ഞാന്‍ ചെയ്തത്. വേറെയൊരു സിനിമയല്ലെ ചെയ്തത്. അതിനെ രണ്ടിനെയും വേറെ വേറെ കാണാന്‍ പറ്റാത്ത ആളുകളോട് ഞാന്‍ എന്ത് പറയാനാണ്.

ദൃശ്യവുമായി താരതമ്യം ചെയ്യാതെ ആ സിനിമക്ക് ഉള്ള പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ എനിക്ക് മനസിലാക്കാന്‍ കഴിയും. ആ സിനിമയിലെ മിസ്റ്ററി എലമെന്റിനെ കാണാതെ ഇല്ലിസിറ്റ് റിലേഷന്‍ഷിപ്പിലേക്കാണ് എല്ലാവരും നോക്കുന്നത്. പണ്ട് തൊട്ടേ ഇവിടെയൊരു കപട സദാചാരബോധമുണ്ട്. അത് പരസ്യമായ രഹസ്യമാണ്. കുറച്ച് പേര്‍ അത് പറയും നമ്മള്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോവേണ്ട,” ജീത്തു ജോസഫ് പറഞ്ഞു.

content highlight: jeethu joseph about 12th man movie

We use cookies to give you the best possible experience. Learn more