|

വെറുതെ വന്ന് പൈസ വാങ്ങി അഭിനയിച്ച് പോകുന്ന നടന്മാരുണ്ട്; എന്നാൽ അദ്ദേഹം അങ്ങനെയല്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസിലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നുണക്കുഴി’. ചിത്രത്തിൽ സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ സിദ്ധിഖുമായുള്ള അനുഭവം പങ്കുവെക്കുകയാണ് ജീത്തു ജോസഫ്.

ചിത്രത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോൾ സിദ്ധീഖ് വന്നിട്ട് തന്നോട് അദ്ദേഹത്തിന്റെ ഒരു സീൻ ഒന്നുകൂടെ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും ജീത്തു പറഞ്ഞു. അപ്പോഴുള്ള സീൻ ഓക്കെ ആയിരുന്നെന്നും എന്നാൽ അദ്ദേഹത്തിന്റെ സംതൃപ്തിക്ക് വേണ്ടി വീണ്ടും ചെയ്യാൻ പറഞ്ഞെന്നും ജീത്തു പറഞ്ഞു.

സിദ്ധീഖ് പോയി രണ്ട് വേർഷനിൽ ആ സീൻ ഷൂട്ട് ചെയ്‌തെന്നും എന്നാൽ അദ്ദേഹത്തിന് ആദ്യത്തെ സീൻ തന്നെയാണ് ഇഷ്ടപെട്ടതെന്നും ജീത്തു കൂട്ടിച്ചേർത്തു. ഇനിയും നന്നാക്കണമെന്ന് ആഗ്രഹിക്കുന്ന നടന്മാരിൽ ഒരാളാണ് സിദ്ധീഖ് എന്നും വെറുതെ പൈസ വാങ്ങി അഭിനയിച്ചു പോകുന്ന ഒരാളല്ല അദ്ദേഹമെന്നും ജീത്തു പറഞ്ഞു. ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നുണക്കുഴി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ സിദ്ധീക്കേട്ടൻ ഒരു ദിവസം വന്നു. എന്നിട്ട് ‘നാളെ എനിക്ക് ഷൂട്ട് ഇല്ല. ഞാൻ ഒന്ന് പോയിട്ട് ആ സീൻ ഒന്നുകൂടി ചെയ്തോട്ടെ, അത് ചെയ്തത് ശരിയായിട്ടില്ല’എന്ന് പറഞ്ഞു. സിദ്ദീക്കേട്ടാ അത് ഓക്കെയാണ് എന്ന് ഞാൻ പറഞ്ഞു.

പക്ഷെ എന്നിട്ടും അദ്ദേഹം ഞാൻ ഒരു പ്രാവശ്യം കൂടെ ചെയ്തോട്ടെ, എന്റെ സംതൃപ്തിക്ക് വേണ്ടിയിട്ടാണെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചെയ്തോളാൻ പറഞ്ഞു. പോയിട്ട് രണ്ടു വേർഷൻ അവിടെ ചെയ്തു. ചെയ്തതിന് ശേഷം എന്റെ ലൊക്കേഷനിലേക്ക് വന്നു. ‘ഞാൻ മൂന്നും കണ്ടിട്ട് എനിക്ക് ആദ്യത്തെ തന്നെയാണ് ഇഷ്ടം ആയത്’ എന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ പോയി കണ്ടപ്പോഴും എനിക്ക് അത് തന്നെയാണ് ഇഷ്ടായത്. അതാണ് അവർ അതിലേക്ക് എടുക്കുന്ന ഇൻവോൾമെന്റ്. അല്ലാതെ നമ്മൾ പറയുന്ന ഡയലോഗ് പറഞ്ഞ് പൈസ മേടിച്ചു പോകുന്നതല്ല. മറിച്ച് ഇനിയും നന്നാക്കണമെന്ന തോന്നലുള്ളവരാണ് ഇവരെല്ലാം,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu josef about actor  sidheeq’s involvement in  movie

Latest Stories