നേര് എന്ന പേരിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്. തങ്ങൾ സ്ക്രിപ്റ്റ് വായിച്ചുകൊണ്ടുള്ള ഒരു മീറ്റിങ്ങിൽ പേരിനെക്കുറിച്ച് ഒരു ചർച്ച വന്നെന്ന് ജീത്തു പറഞ്ഞു. എ.ഡിയിൽ ഒരാളായ ഒരു പെൺകുട്ടിയാണ് നേര് എന്ന പേര് പറഞ്ഞതെന്ന് ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അത് ഞങ്ങൾ എല്ലാരും ഇരുന്ന് സ്ക്രിപ്റ്റ് വായിക്കുന്ന ഒരു മീറ്റിങ് ഉണ്ടായിരുന്നു. ആ സമയത്ത് പേരിനെക്കുറിച്ച് ചെറിയൊരു ഡിസ്കഷൻ വന്നു. അപ്പോൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന എ.ഡിസിൽ ഒരു പെൺകുട്ടിയാണ് ഈ പേര് സജസ്റ്റ് ചെയ്തത്. പല പേരുകളും വന്നു, അതിൽ നിന്ന് നേര് എന്ന് എടുത്തു അത്രേയുള്ളു,’ ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം സിനിമയ്ക്ക് മൈ ഫാമിലി എന്ന പേര് ഇട്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്. ‘നമ്മൾ ഒരു സ്ക്രിപ്റ്റ് എഴുതുമ്പോൾ ചുമ്മാ ഒരു പേര് ഇടുമല്ലോ. അപ്പോൾ നമ്മൾ ഒരു പേര് എഴുതി അങ്ങനെ മൈ ഫാമിലി എന്ന് പറഞ്ഞ് പേരിട്ടു. നേരിനുണ്ടായിരുന്നു വേറൊരു പേര്, ബ്ലൈൻഡ് ഗേൾ എന്നായിരുന്നു അത്.
നമ്മൾ എഴുതി ടൈപ്പ് ചെയ്യുമ്പോൾ അവിടുന്ന് തിരിച്ചു വരുമ്പോഴൊക്കെ അതിന്റെ ഹെഡിങ് ബ്ലൈൻഡ് ഗേൾ എന്നായിരിക്കും. മെയിലൊക്കെ ബ്ലൈൻഡ് ഗേൾ എന്നുള്ളത് ഇങ്ങനെ വന്ന് കിടക്കും. അത് കഴിഞ്ഞിട്ടാണല്ലോ സിനിമയെ കുറിച്ച് ആലോചിക്കുന്നത്,’ ജീത്തു ജോസഫ് പറയുന്നു.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം അനശ്വര രാജൻ, സിദ്ദീഖ്, പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.
Content Highlight: Jeethu josaph about neru movie’s name