ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നല്‍കിയതിന് പിന്നാലെ ടാഗ്‌ലൈന്‍ പ്രഖ്യാപിച്ച് 26 പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ത്യ വിജയിക്കും (ജീതേഗ ഭാരത്-India will win) എന്ന ടാഗ് ലൈനാണ് പ്രതിപക്ഷ സഖ്യത്തിന് നല്‍കിയിരിക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് ടാഗ് ലൈന്‍ തീരുമാനിച്ചത്. പ്രതിപക്ഷ സഖ്യത്തിന് ഹിന്ദി ടാഗ്‌ലൈന്‍ വേണമെന്ന ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറേയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീതേഗ ഭാരത് എന്ന ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.
സഖ്യത്തിന്റെ പേരില്‍ ഭാരത് എന്ന് ചേര്‍ക്കണമെന്ന ചര്‍ച്ചയുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് ടാഗ് ലൈനില്‍ ഭാരതം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കാന്‍ ബെംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇന്ത്യ എന്ന പേര് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത്.
പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ടം ഇന്ത്യയും എന്‍.ഡി.എയും തമ്മിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ വെല്ലുവിളിക്കാന്‍ ബി.ജെ.പിക്ക് കഴിയുമോയെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചത്. തങ്ങള്‍ ദേശസ്നേഹികളാണെന്നും രാഷ്ട്രത്തെ സ്നേഹിക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഡി.എക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം ഒരുമിച്ചതെന്നും മമത കൂട്ടിച്ചേര്‍ത്തു.
ജാതി സെന്‍സസ് നടത്തുമെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷവും സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പോരാടുമെന്നും പ്രതിപക്ഷ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയുടെ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ ബി.ജെ.പി ആക്രമിക്കുകയാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് നാമിപ്പോള്‍ ഉള്ളതെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രമേയത്തില്‍ പ്രതിപക്ഷ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ്, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്), ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന (യു.ബി.ടി), രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, സി.പി.ഐ.എം.എല്‍, രാഷ്ട്രീയ ലോക് ദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), മാറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുത്തത്.
അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ വെച്ച് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
content highlights: ‘Jeetega Bharat’; Opposition parties with tagline for ‘India’