റേഞ്ച് റോവര്‍, മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എസ് എന്നീ വമ്പന്മാരോട് ഏറ്റുമുട്ടാന്‍ എത്തുകയാണ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ റഫ് ആന്റ് ടഫ് ഐക്കോണിക് പ്രൊഡക്ടുകളുമായി വ്യത്യസ്തത പുലര്‍ത്തുന്ന അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്.
നേരത്തെ യുന്റു എന്ന പേരില്‍ ഷാന്‍ഹായി മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്നും പിറന്ന “ഗ്രാന്‍ഡ് കമാന്‍ഡറി”ലൂടെയാണ് ഇത്തവണ ജീപ്പിന്റെ വരവ്.
ഈ വര്‍ഷം എപ്രിലില്‍ നടക്കുന്ന 2018 ബീജിങ് ഓട്ടോ ഷോയിലാണ് കമാന്‍ഡര്‍ ആഗോള പ്രദര്‍ശനത്തിനെത്തുക. ഇതിന് മുന്നോടിയായി ചൈനയില്‍ ഗ്രാന്‍ഡ് കമാന്‍ഡറിനെ ജീപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. അതേസമയം കമാന്‍ഡറിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള എന്‍ട്രി എന്നായിരിക്കുമെന്ന കാര്യത്തില്‍ കമ്പനി ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല.
ജീപ്പ് നിരയിലെ ഗ്രാന്‍ഡ് ചെറോക്കിക്ക് സമാനമായ ഡിസൈനും രൂപ കല്പനയുമായാണ് ഗ്രാന്‍ഡ് കമാന്‍ഡറുടെ പിറവി. ജീപ്പിന്റെ മുഖമുദ്രയായ 7 സ്ലോട്ട് ക്രോം ഗ്രില്‍ കമാന്‍ഡറിലും അതുപോലെ നിലനിര്‍ത്തിയിട്ടുണ്ട്.
അതേസമയം ഇന്ത്യക്കാരുടെ പ്രിയ മോഡലായ ജീപ്പ് കോംബസിനെക്കാള്‍ 478 എം.എം നീളവും 74 എം.എം വീതിയും 98 എം.എം ഉയരവും 164 എം.എം വീല്‍ബേസും കമാന്‍ഡറിന് കൂടുതലായുണ്ട്. അത്യാഡംബരം നിറഞ്ഞ ഇന്റീരിയറാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
പുതിയ റാങ്ക്‌ളറില്‍ നല്‍കിയ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കമാന്‍ഡറിന് കരുത്തേകുക. 270 ബി.എച്ച്.പി പവറും 400 എന്‍.എം ടോര്‍ക്കും എഞ്ചിന്‍ പ്രദാനം ചെയ്യും.
ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ രണ്ടു വകഭേദങ്ങളില്‍ ആള്‍വീല്‍ ഡ്രൈവ്, ഫ്രെണ്ട് വീല്‍ ഡ്രൈവ് ഓപ്ഷനില്‍ ആണ് വാഹനം വിപണിയിലെത്തുക.
റേഞ്ച് റോവര്‍, മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എസ് എന്നീ വമ്പന്മാരായിരിക്കും അന്താരാഷ്ട്ര തലത്തില്‍ ഗ്രാന്‍ഡ് കമാന്‍ഡറിന്റെ പ്രധാന എതിരാളി.