|

ആ ക്ലൈമാക്സ്‌ സത്യത്തിൽ എന്റെ ബുദ്ധിയല്ല, പ്രേക്ഷകർക്ക് വേണ്ടി മാറ്റിയതാണ്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് നായകനായി എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്സ്‌ ഓഫീസിൽ നേടിയില്ല.

ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്. സിനിമയിൽ ക്ലൈമാക്സ് രംഗത്ത് ഒരു സീനിൽ മാത്രം നടി നയൻ‌താര വരുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ ശരിക്കുമുള്ള ക്ലൈമാക്സ്‌ അങ്ങനെയല്ലായിരുന്നുവെന്ന് പറയുകയാണ് ജീത്തു ജോസഫ്.

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ആത്മസംതൃപ്ത്തിയോടെ ഇറങ്ങണമെന്ന ആഗ്രഹം കൊണ്ടാണ് ചർച്ചക്കൊടുവിൽ ക്ലൈമാക്സ്‌ അങ്ങനെ മാറ്റിയതെന്നും എന്നാൽ താൻ ഉദ്ദേശിച്ച ക്ലൈമാക്സ്‌ മറ്റൊരു ലൈൻ ആയിരുന്നുവെന്നും ജീത്തു റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ആ ക്ലൈമാക്സ്‌ സത്യത്തിൽ എന്റെ ബുദ്ധിയല്ല. ഞാൻ ഉദ്ദേശിച്ച ക്ലൈമാക്സ്‌ അങ്ങനെ അല്ലായിരുന്നു. പിന്നീട് ചർച്ചക്കിടയിലാണ് പ്രേക്ഷകർക്ക് ഒരു ഫീൽ കിട്ടാൻ വേണ്ടി ആ ക്ലൈമാക്സ്‌ കൂട്ടിച്ചേർത്തത്. ജോസൂട്ടിക്ക് ഒരു നല്ല പെൺകുട്ടിയെ കിട്ടി എന്ന സാറ്റിസ്‌ഫാക്ഷനിലൂടെ പ്രേക്ഷകരെ ഇറക്കി വിടുക എന്നതായിരുന്നു ലക്ഷ്യം.

എന്റെ ക്ലൈമാക്സ്‌ കുറച്ചൂടെ വേറേ ഒരു ലൈൻ ആയിരുന്നു. അവസാനം ജോസൂട്ടി പത്രം വായിക്കുമ്പോൾ ഒരു വിവാഹത്തിന്റെ പരസ്യം കാണുന്നിടത്താണ് ശരിക്കും സിനിമ അവസാനിക്കുന്നത്. അതായത് പുള്ളി അടുത്ത ഒരു പരീക്ഷണത്തിന് വേണ്ടി തയ്യാറാവുന്ന പോലെ.

ഓരോന്നും ഓരോ പരീക്ഷയാണെന്നാണ് ജോസൂട്ടിയുടെ അച്ഛൻ പറഞ്ഞിട്ടുള്ളത്. അതിന് വേണ്ടി പത്ര പരസ്യം നോക്കിയിരിക്കുന്ന രീതിയിലാണ് എന്റെ ക്ലൈമാക്സ്‌. പിന്നെ എല്ലാവരും പറഞ്ഞു, ആളുകൾക്ക് ഒരു സന്തോഷത്തോടെ ഇറങ്ങി പോകണ്ടേയെന്ന്. കാരണം അതിന് മുമ്പ് മുഴുവൻ ദുരന്തങ്ങളുടെ ഘോഷയാത്രയാണ് പുള്ളിയുടെ ജീവിതം. അതുകൊണ്ടാണ് അങ്ങനെ ക്ലൈമാക്സ്‌ മാറ്റിയത്,’ജീത്തു ജോസഫ് പറയുന്നു.

അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം നുണക്കുഴി തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ്‌.കെ. ജയൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം ഒരു ഇടവേളക്ക് ശേഷം ഹ്യൂമറിന് പ്രാധാന്യം നൽകി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ്.

Content Highlight: Jeeethu Joseph Talk About Climax Of Life Of Josootty Movie

Latest Stories