റിയാദ്: തിങ്കളാഴ്ച രാവിലെ ജിദ്ദയിലെ യു.എസ് കോണ്‍സുലേറ്റിന് മുന്നില്‍ പൊട്ടിത്തെറിച്ച ചാവേര്‍ പാക് പൗരനാണെന്ന് സൗദി അഭ്യന്തര മന്ത്രാലയം. അബ്ദുല്ല ഖല്‍സാര്‍ ഖാന്‍ കഴിഞ്ഞ 12 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായിരുന്നുവെന്നും ഇയാളുടെ മാതാപിതാക്കളും ഭാര്യയും ജിദ്ദയിലാണ് താമസിക്കുന്നതെന്നും അഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.
രാവിലത്തെ ആക്രമണത്തിന് പിന്നാലെ വൈകീട്ട് മദീനയിലും കിഴക്കന്‍ പ്രവിശ്യയായ ഖാത്തിഫിലും ചാവേറാക്രമണം നടന്നിരുന്നു. വൈകീട്ട് നോമ്പുതുറ സമയത്തായിരുന്നു രണ്ടിടങ്ങളിലും ആക്രമണമുണ്ടായത്. മദീനയില്‍ മസ്ജിദുന്നബവിക്ക് സമീപമുണ്ടായ ആക്രമണത്തില്‍ 4 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
2014 മുതല്‍ സൗദിയിലെ വിവിധ മേഖലകളിലായി നിരവധി ചാവേറാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരായിരുന്നു അക്രമണങ്ങള്‍ക്ക് പിന്നിലെല്ലാം. ഇതില്‍ ഭൂരിപക്ഷവും രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയില്‍ താമസിക്കുന്ന ശിയാ വിഭാഗക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
അതേ സമയം ഇന്നലത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സിറിയയിലും ഇറാഖിലും അമേരിക്ക നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് വിരുദ്ധ പോരാട്ടത്തില്‍ സൗദി പങ്കാളിയായതാണ് അക്രമണങ്ങള്‍ക്ക് പിന്നിലുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.