തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ജേക്കബ് തോമസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
കഴിവുള്ളവരെ അംഗീകരിക്കുന്നവരാണ് ബി.ജെ.പിയെന്നും സി.പി.ഐ.എമ്മും കോണ്‍ഗ്രസും തന്നെ നിരന്തരം ദ്രോഹിക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ജേക്കബ് തോമസ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു കാട്ടി സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞിരുന്നു.
നിലവില്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ് ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കവെ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ജേക്കബ് തോമസിന് ആദ്യം സസ്‌പെന്‍ഷന്‍ ലഭിച്ചത്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയെന്ന് കാണിച്ച് ജേക്കബ് തോമസിനെ വീണ്ടും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് അപൂര്‍വ്വമായാണ് ഒരു ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനുമേല്‍ വീണ്ടും സസ്പെന്‍ഷന്‍ നേരിട്ടത്.
DoolNews Video