| Wednesday, 16th March 2022, 10:28 pm

ഇന്ന് കേരളത്തിന് കറുത്ത ദിനം; സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ് പൊറുക്കില്ല: ജെബി മേത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എസ്.എഫ്.ഐയെ നിലയ്ക്ക് നിര്‍ത്താന്‍ സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കളും പൊലീസും തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍.

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ് പൊറുക്കില്ല. മുഖ്യമന്ത്രി ഇടപെട്ട് എസ്.എഫ്.ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നും തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജെബി മേത്തര്‍ പറഞ്ഞു.

‘ഇന്ന് കേരളത്തിന് കറുത്ത ദിനം.
പ്രതികരിക്കുക, പ്രതിഷേധിക്കുക! സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ് പൊറുക്കില്ല. മുഖ്യമന്ത്രി ഇടപെട്ട് എസ്.എഫ്.ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക.

കുട്ടി സഖാക്കള്‍ കച്ച കെട്ടുന്നത് ക്രിമിനലുകളാവാന്‍. സമാധാനപരമായ കലാലയ രാഷ്ട്രീയമാണ് കെ.എസ്.യു ലക്ഷ്യം വെക്കുന്നത്. പക്ഷെ മുതിര്‍ന്ന സഖാക്കന്മാരെ മാതൃകയാക്കി അക്രമ രാഷ്ട്രീയം കളിച്ച് സമാധാനം തകര്‍ക്കുകയാണ് എസ്.എഫ്.ഐയുടെ ലക്ഷ്യം. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ മുതിര്‍ന്ന നേതാക്കളും പൊലീസും തയാറാകണം,’ ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ഗവ. ലോ കോളേജില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

വാക്കുതര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു.

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബ്, ജനറല്‍ സെക്രട്ടറി ആഷിഖ് അഷറഫ്, നിതിന്‍ തമ്പി, എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗം അനന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8.15-ഓടെയായിരുന്നു സംഭവം.

 CONTENT HIGHLIGHTS: Jebi Mether says Mahila Congress will not tolerate violence against women
We use cookies to give you the best possible experience. Learn more