| Thursday, 2nd May 2024, 8:17 am

നീ ഓട്ടോമാറ്റിക് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച് മമ്മൂക്ക എന്നെ കാറിൽ കയറ്റി, അതൊരു ഫീലായിരുന്നു: ജീൻ പോൾ ലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡ്രൈവിങ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ.

ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് പറയുന്നത്. സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ഭാവന തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തങ്ങൾ ആദ്യമായി കണ്ട സിനിമ താരങ്ങളെ കുറിച്ച് പറയുകയാണ് നടികറിലെ താരങ്ങൾ. ഫിലിം ബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരങ്ങൾ.

ചെറുപ്പത്തിൽ താൻ ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ടെന്നും അതെല്ലാം നല്ല അനുഭവങ്ങളാണെന്നും ജീൻ പോൾ ലാൽ പറയുന്നു. ആദ്യമായി ഓട്ടോമാറ്റിക് കാർ കാണിച്ചു തന്നത് മമ്മൂട്ടിയാണെന്നും തന്നെ അതിൽ കയറ്റിയിരുത്തിയെന്നുമെല്ലാം ജീൻ പോൾ ലാൽ പറയുന്നു.

‘ഒരിക്കൽ മമ്മൂക്ക അദ്ദേഹത്തിന്റെ കാറിൽ കയറ്റി ഇരുത്തിയതൊക്കെ വലിയ ഓർമയാണ്. നീ ഓട്ടോമാറ്റിക് കണ്ടിട്ടുണ്ടോടാ എന്ന് ചോദിച്ച്, മമ്മൂക്ക ഡോർ തുറന്ന് തന്ന് എന്നെ കാറിൽ കയറ്റി. സ്റ്റാർട്ടൊക്കെ ചെയ്തിട്ട്, കണ്ടോ ഇതിന് ഗിയറില്ലായെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ അന്ന് ചെറുതാണ്. അതൊക്കെ നല്ല രസമുള്ള ഒരു ഫീലായിരുന്നു,’ജീൻ പോൾ ലാൽ പറയുന്നു.

തനിക്ക് ഒരുപാട് പേരെ കാണാൻ പറ്റിയിട്ടില്ലെന്നും ആദ്യമായി കണ്ട ഫിലിംസ്റ്റാർ ഭീമൻ രഘുവാണെന്നും ടൊവിനോ പറയുന്നു. അന്ന് ഭീമൻ രഘുവിനോട് ഒരുപാട് സംസാരിച്ചെന്നും താരം പറഞ്ഞു.

‘ചെറുപ്പത്തിലൊന്നും ഒരുപാട് അഭിനേതാക്കളെ കാണാനുള്ള ഭാഗ്യമൊന്നും എനിക്ക് ഉണ്ടായിട്ടില്ല. ഒരു ക്ലബ്ബ് ഉണ്ടായിരുന്നു. അതിന്റെ വാർഷിക പരിപാടികളൊക്കെ ഇടയ്ക്ക് ഉണ്ടാവും. അങ്ങനെയൊരു പരിപാടിക്ക് ഒരിക്കൽ ഗസ്റ്റ്‌ ആയിട്ട് വന്നത് ഭീമൻ രഘുവായിരുന്നു.

ഞാൻ അന്ന് പുള്ളിയോട് ഒരുപാട് നേരം സംസാരിച്ചിരുന്നു. പുള്ളിക്ക് അതൊന്നും ഓർമ ഉണ്ടാവില്ല. ഞാനും തീരെ ചെറുതായിരുന്നു. അന്നദ്ദേഹം പാട്ടൊക്കെ പാടിയത് എനിക്ക് നല്ല ഓർമയുണ്ട്,’ടൊവിനോ തോമസ് പറയുന്നു.

ബാലു വർഗീസും ചന്തു സലിംകുമാറും ആദ്യമായി കണ്ട ഫിലിം സ്റ്റാർ നടൻ ലാലാണെന്നും. താൻ കണ്ടത് സുരേഷ് ഗോപിയെ ആയിരുന്നുവെന്ന് ഗണപതിയും പറഞ്ഞു.

Content Highlight: Jean Paul Lal Talk About A Memory With Mammootty

We use cookies to give you the best possible experience. Learn more