മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കഥ സിനിമയാക്കണമെന്ന് ആഗ്രഹിച്ചവരെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ജീന്‍ പോള്‍ ലാല്‍. താനുള്‍പ്പെടെയുള്ളവര്‍ ഇങ്ങനെയൊരു സിനിമയ്ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നെന്നും എന്നാല്‍ അത്രയും വലിയൊരു സ്‌കെയിലില്‍ ചെയ്യാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ വിട്ടുകളയുകയായിരുന്നു എന്നുമാണ് ജീന്‍ പോള്‍ ലാല്‍ പറയുന്നത്.
ചിദംബരം മഞ്ഞുമ്മല്‍ ബോയ്‌സ് അനൗണ്‍സ് ചെയ്ത ശേഷം അതേ സിനിമ സംവിധാനം ചെയ്യണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞ് മൂന്ന് നാല് പേര്‍ വന്നിട്ടുണ്ടെന്നുമാണ് ജീന്‍ പോള്‍ ലാല്‍ പറയുന്നത്.
‘ഗണപതിയാണല്ലോ ഇതിന്റെ കാസ്റ്റിങ് ഡയറക്ടര്‍. ഒരു ദിവസം എന്നെ വിളിച്ച് ഇങ്ങനെ ഒരു പടമുണ്ട്, ചെയ്യണമെന്ന് പറഞ്ഞു. ബാലുവിന്റെ ചേട്ടന്റെ കഥാപാത്രമാണെന്ന് പറഞ്ഞു. മാത്രമല്ല ഞാന്‍ നോക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ചിദംബരത്തിന്റെ പടമാണ്. ഒരുപാട് പേരുണ്ട്.
മഞ്ഞുമ്മല്‍ പരിപാടിയാണെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ എക്‌സൈറ്റഡായി. ഈ കഥ ഞാന്‍ നേരത്തെ കേട്ടിട്ടുണ്ട്. എന്റെ അസി. ഡയറക്ടര്‍ വിനോദ് ഒരു പത്രക്കട്ടിങ്ങുമായി വന്നിരുന്നു. ഇതില്‍ ഒരു പരിപാടിയുണ്ട്. ഇതൊരു സംഭവമാകും സിനിമയാക്കിയാല്‍ എന്ന് പറഞ്ഞു.
ശരിയാണ് നല്ല പരിപാടിയാണെന്ന് പറഞ്ഞു. പക്ഷേ പിന്നെ ഞങ്ങള്‍ അത് വിട്ടു. ഈ പടം അനൗണ്‍സ് ചെയ്ത ശേഷം എന്റെ അടുത്ത് മൂന്ന് നാല് പേര്‍ വന്നു പറഞ്ഞിട്ടുണ്ട് ആ പടം നമ്മള്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്നെന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്ത് സ്‌ക്രിപ്റ്റ് ആക്കിയതാണെന്നും പറഞ്ഞു.
നടക്കാതെ പോയതിന്റെ ഒന്നാമത്തെ കാരണം ഈ സിനിമ നിര്‍മിക്കാന്‍ അവര്‍ക്ക് പ്രൊഡക്ഷന്‍ ഹൗസിനെ കിട്ടിയില്ല. ഇത്രയും വലിയ പരിപാടി ചെയ്‌തെടുക്കാന്‍ അത്രയും കോണ്‍ഫിഡന്‍സ് ആര്‍ക്കും ഇല്ലായിരുന്നു. മാത്രമല്ല അന്വേഷിച്ചപ്പോള്‍ നടന്മാര്‍ ആരും കൂട്ടപ്പടങ്ങള്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞു.
ഇവര്‍ തന്നെ പ്രൊഡ്യൂസറെ കിട്ടാതിരിക്കുമ്പോഴാണ് സൗബിന്‍ പ്രൊഡ്യൂസ് ചെയ്ത് സഹായിച്ചത്. ചിദംബരത്തിന്റെ രണ്ടാമത്തെ പടമാണ് അദ്ദേഹത്തിന് അത് ഏത് രീതിയില്‍ വേണമെങ്കിലും ചെയ്യാം. എന്നാല്‍ കുറച്ച് കൂട്ടുകാരെ വെച്ച് ചെയ്യാന്‍ തീരുമാനിച്ചതില്‍ സന്തോഷം. എന്നെ വിളിച്ചതില്‍ അതിലും സന്തോഷം.
പിന്നെ ഞാന്‍ ബാലു വര്‍ഗീസിനെ നായകനാക്കി ഒരു സിനിമ ചെയ്‌തെങ്കിലും എനിക്ക് ഇവനെ കൊണ്ട് ഗുണം കിട്ടിയിരുന്നില്ല. എന്നാല്‍ അവന്‍ നടനായി മാറിയതുകൊണ്ടാണ് അവന്റെ ചേട്ടനായി എന്നെ ഈ പടത്തില്‍ വിളിച്ചത്. അങ്ങനെ ഒരു ഗുണം കൂടി കിട്ടി. മൊത്തത്തില്‍ കൊള്ളാം. (ചിരി), ജീന്‍പോള്‍ ലാല്‍ പറഞ്ഞു.
മഞ്ഞുമ്മലിനെ സംബന്ധിച്ച് ഇത്രയും ഹൈപ്പ് ആളുകളില്‍ നിന്ന് തന്നെ ഉണ്ടായിവന്നതാണെന്നും അവര്‍ക്ക് ആ പടം കാണാനുള്ള ആഗ്രഹമാണ് ആ ഹൈപ്പിനെ കൂട്ടിയതെന്നും ജീന്‍ പോള്‍ പറഞ്ഞു. പ്രൊമോഷന്റെ കാര്യത്തില്‍ നമുക്കൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ഇതില്‍ വലിയ സ്റ്റാറുകളൊന്നും ഇല്ല. എന്നിട്ടും പടത്തിന് വേണ്ടി ആളുകള്‍ കാത്തിരുന്നതാണ് ഈ സിനിമയുടെ വിജയം, ജീന്‍പോള്‍ ലാല്‍ പറഞ്ഞു.
Content Highlight: Jean Paul Lal about his wish to direct Manjummel Boys