| Monday, 27th May 2024, 7:31 pm

വര്‍ഗീയ ശക്തികളെ പിന്തുണക്കാത്ത കേരളത്തോട് അസൂയ; രാജ്യത്തിനാവശ്യം കേരള മോഡല്‍ രാഷ്ട്രീയം: രേവന്ത്‌ റെഡ്ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ഗീയ ശക്തികളെ ഒരിക്കലും പിന്തുണക്കാത്ത കേരളത്തോട് തനിക്ക് അസൂയയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി. ഇന്ന് രാജ്യത്തിന് ആവശ്യം കേരള മോഡല്‍ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യു.ഡി.എഫ് സംവിധാനം ഇന്ത്യ മുന്നണിക്ക് റോള്‍മോഡലാണെന്നും മുസ്‌ലിം ലീഗിനെ പോലൊരു പാര്‍ട്ടി കൂടെയുള്ളപ്പോള്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ഒന്നും ഭയക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സാദിക്കലി തങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സ്‌നേഹ യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഒന്നാം വാര്‍ഷികമായിട്ടാണ് ഇന്ന് കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം നടത്തിയത്.

സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള 145 അതിഥികള്‍ പങ്കെടുത്ത പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ജിഫ്രി മുത്തുക്കേകായ തങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. മുസ്‌ലിം ലീഗും സമസ്തയും തമ്മില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയില്‍ തന്നെയാണ് ജിഫ്രി തങ്ങള്‍ ലീഗിന്റെ പരിപാടിയില്‍ പങ്കെടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് സമസ്തയുടെ നേതൃത്വത്തിലുള്ള സുപ്രഭാതം പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലായാണ് ഇന്ന് ജിഫ്രി തങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നത്.

ഒരു വിശ്വാസിയുടെ മനസ്സില്‍ വിശ്വാസം പൂര്‍ണമായാല്‍ ലഭിക്കുന്ന അനേകം ഗുണങ്ങളില്‍ ഒന്നാണ് സൗഹൃദമെന്നത് എന്ന് പരിപാടിയില്‍ പങ്കെടുത്ത ജിഫ്രി തങ്ങള്‍ പറഞ്ഞു. അത്തരം ചില നന്മകള്‍ കൂടി ഹൃദയത്തില്‍ വളര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഫ്രി തങ്ങള്‍ക്ക് പുറമെ വിവിധ മത സംഘടന നേതാക്കളും രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

CONTENT HIGHLIGHTS: Jealousy of Kerala not supporting communal forces; The country needs Kerala model politics: Revand Reddy

We use cookies to give you the best possible experience. Learn more