national news
'വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു'; മെയ്തി വിഭാഗക്കാരുടെ പതാകയേന്തിയ ഇന്ത്യന്‍ ഫുട്‌ബോളര്‍ക്ക് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 05, 06:13 am
Wednesday, 5th July 2023, 11:43 am

ബെംഗളൂരു: സാഫ് കപ്പിന്റെ ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മെയ്തി വിഭാഗക്കാര്‍ക്ക് പിന്തുണയര്‍പ്പിക്കുന്ന സമുദായത്തിന്റെ പതാകയുമായെത്തിയ ഇന്ത്യന്‍ മിഡ് ഫീല്‍ഡര്‍ ജീക്‌സണ്‍ സിങ്ങിനെതിരെ വിമര്‍ശനം.

പുരാതന മണിപ്പൂരിലെ മെയ്തി സമുദായത്തിലെ ഏഴ് രാജവംശങ്ങളെ പ്രതിനിധീകരിക്കുന്ന സപ്തവര്‍ണ്ണ പതാക കാംഗ്ലീപാക്ക് (സലൈ ടാരെറ്റ് പതാക) അണിഞ്ഞാണ് താരം ഇന്നലെ രാത്രി സാഫ് കപ്പില്‍ വിജയികള്‍ക്കുള്ള മെഡല്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

‘വിഘടനവാദികളുടെ പതാകയുമായി ജീക്സണ്‍ സിങ് എന്താണ് ചെയ്യുന്നത്. ഇതൊരു സംസ്ഥാന-പ്രാദേശിക തല മത്സരമല്ല. നാഷണല്‍ ടീമിനെ പ്രതിനിധീകരിക്കുന്ന അഭിമാനകരമായ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് ആണെന്ന് ജീക്‌സണ് അറിയില്ലേ? ഇന്ത്യന്‍ ടീം താരത്തിനെതിരെ നടപടി എടുക്കൂ,’ ഒരു ട്വിറ്റര്‍ ഉപയോക്താവ് വിമര്‍ശിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ തുടരുമ്പോള്‍ ഒരു വിഭാഗത്തിനെ മാത്രം പിന്തുണക്കുന്ന നിലപാടെടുത്തത് ജീക്‌സണിന്റെ അണ്‍ പ്രൊഫഷണല്‍ സമീപനവും വിഘടനവാദ മനസ്ഥിതിയുമാണ് സൂചിപ്പിക്കുന്നതെന്ന് മറ്റൊരാള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.


ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ തൗബാല്‍ ജില്ലക്കാരനാണ് ജീക്‌സണ്‍ സിങ്.

അതേസമയം, സ്വന്തം സംസ്ഥാനത്തേക്ക് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതിനാലാണ് താന്‍ പതാക ധരിച്ചെത്തിയതെന്നാണ് ജീക്സണ്‍ സിങ്ങിന്റെ പ്രതികരണം.

മണിപ്പൂരിലെ അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മാത്രമാണ് താന്‍ പതാക പ്രദര്‍ശിപ്പിച്ചതെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമിലൂടെ താരം വിശദീകരണം നല്‍കി.

‘പ്രിയപ്പെട്ട ആരാധകരെ, പതാക ഉയര്‍ത്തി ആഘോഷിച്ചതിലൂടെ ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്റെ സ്വന്തം സംസ്ഥാനമായ മണിപ്പൂര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഞാന്‍ ഉദ്ദേശിച്ചത്.

എന്റെ സംസ്ഥാനമായ മണിപ്പൂരില്‍ സമാധാനം തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നു. ഇന്ന് രാത്രി ടീമിനെ പിന്തുണച്ചതിന് ആരാധകര്‍ക്ക് നന്ദി,’ ജീക്‌സണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘മണിപ്പൂര്‍ ജനത പരസ്പരം ഏറ്റുമുട്ടാതെ സമാധാനമായി കഴിയണം. എനിക്ക് സമാധാനം വേണം. രണ്ട് മാസത്തോളമായി ഇപ്പോഴും പോരാട്ടം തുടരുകയാണ്. ഇത്തരമൊരു ദുരന്തം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എല്ലാവര്‍ക്കും സമാധാനം ലഭിക്കാന്‍ ഇത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കുടുംബം സുരക്ഷിതമാണ്. എന്നാല്‍ ദുരിതമനുഭവിക്കുകയും വീടുകള്‍ നഷ്ടപ്പെടുകയും ചെയ്ത നിരവധി കുടുംബങ്ങളുണ്ട്,’ ജീക്‌സണ്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: jeakson singh uses meithei flag in ceremony function, controversy