ബീഹാര്‍: 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തോടൊപ്പം നില്‍ക്കണമെങ്കില്‍ സീറ്റ് വിഭജനത്തില്‍ ബി.ജെ.പി വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടി വരുമെന്ന് ജെ.ഡി(യു). സംസ്ഥാനത്തെ പ്രധാന പാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ക്ക് സീറ്റുകളില്‍ കാര്യമായ മുന്‍തൂക്കം വേണമെന്നാണ് ജെ.ഡി.(യു)വിന്റെ ആവശ്യം.
2014ലെ തെരഞ്ഞെടുപ്പ്, വരാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മാനദണ്ഡമാക്കാന്‍ കഴിയില്ലെന്ന് പ്രമുഖ ജെ.ഡി.(യു.) നേതാവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2004ലും 2009ലും എന്‍.ഡി.എ സഖ്യത്തോടൊപ്പം മത്സരിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ രീതിയില്‍ തന്നെയായിരിക്കണം സീറ്റ് വിഭജനം എന്നാണ് ജെ.ഡി(യു)വിന്റെ ആവശ്യം. 2004ല്‍ ജെ.ഡി(യു)വിന് 24ഉം 2009ല്‍ 25ഉം ആയിരുന്നു സീറ്റുകളുടെ എണ്ണം. ഈ വര്‍ഷങ്ങളില്‍ 16ഉം 15ഉം സീറ്റുകളായിരുന്നു ബി.ജെ.പിക്ക് മത്സരിക്കാന്‍ ലഭിച്ചിരുന്നത്.
2014ല്‍ സ്ഥിതി കീഴ്‌മേല്‍ മറിഞ്ഞു. ഒറ്റക്ക് മത്സരിച്ച ജെ.ഡി(യു)വിന് രണ്ടു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. ആര്‍.എല്‍.എസ്.പിയുമായും എല്‍.ജെ.പിയുമായും ചേര്‍ന്ന് മത്സരിച്ച ബി.ജെ.പിയുടെ എന്‍.ഡി.എ സഖ്യം 31 സീറ്റോടെ ഗംഭീരവിജയവും നേടി.
പക്ഷെ 2015ലെ നിയമസഭ ഇലക്ഷനില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളിനൊപ്പം മത്സരിച്ച ജെ.ഡി(യു) 71 സീറ്റുകളിലാണ് ജയിച്ചത്. ബി.ജെ.പിക്ക് 53ഉം ആര്‍.എല്‍.എസ്.പിക്കും എല്‍.ജെ.പിക്കും രണ്ടും സീറ്റുകളാണ് ലഭിച്ചത്.
ഇക്കഴിഞ്ഞ ഉപതെരഞ്ഞടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ബി.ജെ.പി സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ബലപ്പെടുത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് ജെ.ഡി(യു) ഉറച്ച തീരുമാനങ്ങളും ആവശ്യങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതേ സമയം ബീഹാറിലെ എന്‍.ഡി.എയുടെ മുഖം നിതീഷ് കുമാറാണെന്ന ജെ.ഡി(യു)വിന്റെ പ്രസ്താവനയോട് എതിര്‍പ്പുമായി എന്‍.ഡി.എ സഖ്യകക്ഷി ആര്‍.എല്‍.എസ്.പി. രംഗത്ത് വന്നിരുന്നു. നിതീഷ് കുമാറിനെ അടുത്ത മുഖ്യമന്ത്രിയായി ചിലയാളുകള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ടെന്നും എന്നാല്‍ അത് എന്‍.ഡി.എയുടെ തീരുമാനമല്ലെന്നും ആര്‍.എല്‍.എസ്.പി വര്‍ക്കിങ് പ്രസിഡന്റ് നാഗ്മണി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചിരുന്നു.
പാറ്റ്നയില്‍ വെച്ച് എന്‍.ഡി.എ സഖ്യകക്ഷികള്‍ പങ്കെടുത്ത അത്താഴവിരുന്നിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.