ജാതി സെൻസെസ് നടത്താൻ ജെ.ഡി യു തയ്യാർ പക്ഷെ, ബി.ജെ.പിയുമായി തർക്കത്തിനില്ല: കെ.സി. ത്യാഗി
national news
ജാതി സെൻസെസ് നടത്താൻ ജെ.ഡി യു തയ്യാർ പക്ഷെ, ബി.ജെ.പിയുമായി തർക്കത്തിനില്ല: കെ.സി. ത്യാഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2024, 9:25 am

ന്യൂദൽഹി: ബി.ജെ.പിക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും ജാതി സെൻസെസിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാടും വ്യക്തമാക്കി എൻ.ഡി.എ സർക്കാരിന്റെ പ്രധാന സഖ്യകക്ഷികളിലൊരാളായ ജെ.ഡി.യു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജെ.ഡി.യു മുൻ ജനറൽ സെക്രട്ടറിയായ ത്യാഗിയാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് ജാതി സെൻസെസ് നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജാതി സെൻസെസ് നടത്തുമെന്ന് ജെ.ഡി.യു പറഞ്ഞിരുന്നു എന്നാൽ ബി.ജെ.പി നേതൃത്വം ഇതിനെതിരെ ഇതുവരെയും പ്രതികരിച്ചിട്ടില്ല. രാജ്യവ്യാപകമായി ജാതി സെൻസെസ് നടത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രവുമായൊരു ഏറ്റുമുട്ടലിനെക്കുറിച്ച് ജെ.ഡി.യു ഒരിക്കലും ചിന്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യവ്യാപകമായി ജാതി സെൻസെസ് നടത്താൻ ജെ.ഡി.യു പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ബി.ജെ.പി നേതൃത്വവുമായി ഒരു ഏറ്റുമുട്ടലിനും പാർട്ടി താത്പര്യപ്പെടുന്നില്ല. സെൻസെസ് നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പാർട്ടിയും നിതീഷ്കുമാറും എല്ലായ്പ്പോഴും നീതിക്ക് വേണ്ടി പോരാടിയിട്ടുള്ളതാണ്.

ജാതി അടിസ്ഥാനമാക്കിയുള്ള സർവേയുടെ ഫലം പ്രസിദ്ധീകരിക്കുന്ന ആദ്യ സംസ്ഥാന സർക്കാർ ബീഹാറാണ്. സർവേയെ കേന്ദ്രം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. പക്ഷെ ഇപ്പോഴുള്ള അവസ്ഥ നോക്കൂ, സർവേ അടിസ്ഥാനത്തിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങൾ ആരംഭിച്ചിരിക്കുന്നു. അതും ബി.ജെ.പി സർക്കാരിന്റെ സഹായത്തോടെ,’ അദ്ദേഹം പറഞ്ഞു.

 

ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചോദ്യത്തിൽ തങ്ങളുടെ പാർട്ടി ഏക സിവിൽ കോഡിനെ അംഗീകരിക്കുന്നുവെന്നും എൻ.ഡി.എ. സർക്കാരിന്റ നയം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെങ്കിൽ തങ്ങൾ സർക്കാരിനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെ.ഡി.യുവിന് ലഭിച്ച മന്ത്രിസ്ഥാനങ്ങളിൽ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് അദേഹം അതെല്ലാം അഭ്യൂഹങ്ങളാണെന്നും തങ്ങൾക്ക് അതൃപ്തിയില്ലെന്നും പ്രതികരിച്ചു. ഒപ്പം പ്രത്യേക വകുപ്പുകളൊന്നും ജെ.ഡി.യു ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കർ സ്ഥാനത്തിനായി തങ്ങൾക്കിടയിൽ മത്സരമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും തങ്ങളുടെ പാർട്ടിയും തമ്മിൽ വളരെ മികച്ച ബന്ധമാണ് ഉള്ളതെന്നും ഭാവിയിൽ അത് നിലനിൽക്കുമെന്നും കെ.സി ത്യാഗി വ്യക്തമാക്കി.

ഒപ്പം സഖ്യം പിളരുമെന്നും എൻ.ഡി.എ സർക്കാർ തകരുമെന്നുമുള്ള കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നിരീക്ഷണത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

 

 

 

 

 

 

Content highlight : JDU wants cast senses but without friction with centre