ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ലോക്‌സഭയിലെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു. കശ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോഴാണ് ജെ.ഡി.യു സഭ ബഹിഷ്‌കരിച്ചത്.
ഇന്നലെ രാജ്യസഭയിലും ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ബില്ലുകളെ ജെ.ഡി.യു എതിര്‍ത്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കേണ്ടതില്ലെന്ന് ഇന്നലെ ജെ.ഡി.യു വക്താവ് കെ.സി ത്യാഗി വ്യക്തമാക്കിയിരുന്നു.
ബിഹാറില്‍ ജെ.ഡി.യു ബി.ജെ.പിയോടൊപ്പം ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. കശ്മീര്‍ വിഷയത്തിലെ നിലപാട് സഖ്യസര്‍ക്കാരിനെ ബാധിക്കുമോയെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടായേക്കും.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി നേരത്തേ പറഞ്ഞിരുന്നു.
‘ഭരണഘടനയെ ലംഘിച്ചു കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തടങ്കലിലാക്കിയും കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടുമല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്. ഈ രാജ്യം നിര്‍മിച്ചിരിക്കുന്നത് ജനങ്ങളെക്കൊണ്ടാണ് അല്ലാതെ ഓരോ തുണ്ട് ഭൂമിയും കൊണ്ടല്ല. ഭരണ നിര്‍വഹന അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് കല്ലറ തീര്‍ക്കുന്നത് പോലെയാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ജമ്മു കശ്മീരില്‍ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതില്‍ നിന്നും ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ താന്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നു.