| Wednesday, 31st August 2022, 12:55 pm

മണിപ്പൂരില്‍ ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാറിന്റെ ജെ.ഡി.യു. 60 സീറ്റുള്ള നിയമസഭയാണ് മണിപ്പൂരിലേത്. ഇതില്‍ 55 എം.എല്‍.എമാരാണ് ബി.ജെ.പി സഖ്യത്തിനുള്ളത്. ഏഴ് പേരാണ് ജെ.ഡി.യുവിന്റെ എം.എല്‍.എമാര്‍. അതായത് സഖ്യം ഉപേക്ഷിച്ചാലും ബി.ജെ.പിക്ക് ആകെയുണ്ടാകുന്ന എം.എല്‍.എമാരുടെ എണ്ണം 48 ആയിരിക്കും.

ഇതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ പിന്തുണ പിന്‍വലിക്കാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു തയ്യാറായാലും അത് ബി.ജെ.പിയെയോ സര്‍ക്കാരിനെയോ ബാധിക്കില്ലെന്നാണ് ബി.ജെ.പിയുടെ വാദം. 31 ആണ് നിയമസഭയിലെ ഭൂരിപക്ഷം.

സെപ്റ്റംബര്‍ 3-4 തീയതികളില്‍ പട്‌നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ എക്സിക്യൂട്ടിവ് സമ്മേളനത്തില്‍ വെച്ചാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. പാര്‍ട്ടിയുടെ മണിപ്പൂര്‍ ഘടകവും ജെ.ഡി.യു നേതാക്കളും തമ്മിലുള്ള നിര്‍ണായകമായ കൂടി കാഴ്ചയില്‍ ബി.ജെ.പി സര്‍ക്കാരിനു നല്‍കുന്ന പിന്തുണയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.

മഹാരാഷ്ട്രന്‍ മോഡല്‍ ആവര്‍ത്തിച്ചേക്കുമെന്ന ആശങ്കയില്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്‍.ഡി.എയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു. എങ്കിലും ബിരെന്‍ സിങ്ങിന്റെ സര്‍ക്കാരിന് ജെ.ഡി.യു പുറമേ നിന്നും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.യും സഖ്യത്തിലായിരുന്നില്ല.

തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമായതിനാല്‍ ജെ.ഡി.യു എംഎല്‍എമാര്‍ സര്‍ക്കാരിനൊപ്പം തന്നെയാണ് നിന്നത്. ഓഗസ്റ്റ് 10നു നടന്ന യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തിരുന്നെന്ന് മണിപ്പൂര്‍ ഘടകം പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.യുവിന്റെ ഏഴ് എം.എല്‍.എമാര്‍ ബിരന്‍ സിങ് സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു.

Content Highlight: JDU to withdraw  support to BJP in Manipur

We use cookies to give you the best possible experience. Learn more