യു.പിയില്‍ വേണമെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും; സമ്മര്‍ദ്ദം ശക്തമാക്കി ജെ.ഡി.യു
Uttar Pradesh Election 2022
യു.പിയില്‍ വേണമെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും; സമ്മര്‍ദ്ദം ശക്തമാക്കി ജെ.ഡി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st October 2021, 10:06 am

പട്‌ന: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജെ.ഡി.യു. ബി.ജെ.പി തയ്യാറാണെങ്കില്‍ എന്‍.ഡി.എയുടെ ഭാഗമായും അല്ലെങ്കില്‍ ഒറ്റയ്ക്കും മത്സരിക്കുമെന്നാണ് ജെ.ഡി.യുവിന്റെ പ്രഖ്യാപനം.

‘ഞങ്ങള്‍ യു.പിയില്‍ മത്സരിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. ബി.ജെ.പി സഖ്യത്തില്‍ മത്സരിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് നടന്നില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും,’ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

യു.പിയില്‍ 13 സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് കുശ്വാഹയുടെ അവകാശവാദം.

നേരത്തെ യു.പിയില്‍ 200 സീറ്റില്‍ മത്സരിക്കുമെന്ന് ജെ.ഡി.യു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയി.

ബീഹാറിലെ പ്രബല ശക്തിയായ ജെ.ഡി.യുവിന് മറ്റ് സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീനമില്ല. ബംഗാള്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ ജെ.ഡി.യു മത്സരിക്കാറുണ്ട്.

അരുണാചലില്‍ കഴിഞ്ഞ തവണ മികച്ച വിജയം നേടിയിരുന്നെങ്കിലും എം.എല്‍.എമാര്‍ പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു.

യു.പിയില്‍ 2007 ല്‍ ജെ.ഡി.യുവിന് ഒരു സീറ്റില്‍ വിജയിക്കാനായിരുന്നു. 2012 ല്‍ 219 സീറ്റില്‍ മത്സരിച്ചെങ്കിലും ഒന്നില്‍പോലും ജയിക്കാനായില്ല.

അതേസമയം യു.പിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം ജാതി സെന്‍സസുമായി ബന്ധപ്പെട്ട് മുന്നണിയിലെ പ്രശ്‌നങ്ങളെ കൂടുതല്‍ കലുഷിതമാക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: JDU to contest UP polls, may go it alone if BJP not ready for truck