| Sunday, 1st December 2019, 9:34 am

'രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്, പ്രതിപക്ഷ പാര്‍ട്ടികളെ എന്‍.ഡി.എ വിശ്വാസത്തിലെടുക്കണം'; പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നും ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നു ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) മുതിര്‍ന്ന നേതാവും എം.പിയുമായ കെ.സി ത്യാഗി. പ്രതിപക്ഷ പാര്‍ട്ടികളെയും സാമ്പത്തിക വിദഗ്ധരെയും വിശ്വാസത്തിലെടുത്ത് സാമ്പത്തിക മാന്ദ്യത്തിനു കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണമെന്നും ത്യാഗി പറഞ്ഞു.

പ്രതിസന്ധി മറികടക്കാന്‍ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് അടക്കമുള്ള നേതാക്കളുടെ സഹായം തേടണമെന്നും വരുമാനത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന് വാജ്‌പേയി സര്‍ക്കാര്‍ കാലത്ത് തന്നെ തെളിഞ്ഞതാണെന്നും ത്യാഗി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാജ്യത്ത് തൊഴിലില്ലതായതോടെ തൊഴിലില്ലായ്മ രൂക്ഷമാണ്. കാര്‍ഷിക മേഖല പൂര്‍ണമായി തകരുകയും ജനങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുകയുമാണ്. വിഷയം എന്‍.ഡി.എയില്‍ ചര്‍ച്ച ചെയ്യണം. മോദി മന്ത്രിസഭയില്‍ കഴിവുള്ളവരുടെ അഭാവമുണ്ടെന്ന അകാലിദളിന്റെ ആരോപണം പൂര്‍ണമായി തള്ളാനാകില്ലെന്നും ത്യാഗി പറഞ്ഞു.

അതേസമയം, രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ 4.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവര്‍ത്തിച്ച് പറയുമ്പോഴാണ് ജി.ഡി.പിയില്‍ വന്‍ഇടിവുണ്ടായന്ന കണക്ക് പുറത്തുവന്നത്.

റിസര്‍വ് ബാങ്ക്, ഐ.എം.എഫ്, ലോകബാങ്ക് എന്നിവ വളര്‍ച്ചനിരക്കില്‍ ഇടിവുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ഇവയില്‍ ആറു വ്യവസായങ്ങള്‍ ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി നേരിടുകയാണ്.

കല്‍ക്കരി മേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 17.6 ശതമാനമാണ് ഇടിവ് സംഭവിച്ചത്. സ്വകാര്യ ഉപഭോഗം, നിക്ഷേപം, കയറ്റുമതി എന്നിവയിലെ മാന്ദ്യമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായത്. ജി.ഡി.പി നിരക്ക് ഇടിഞ്ഞതോടെ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്കിന് വീണ്ടും കുറവ് വരുത്തേണ്ടി വരും.

കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ ജി.ഡി.പി 7.5 ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍-സെപ്തംബര്‍ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഞ്ച് ശതമാനമായിരുന്നു ജി.ഡി.പി വളര്‍ച്ച. തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2012-2013, ജനുവരി-മാര്‍ച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചാ നിരക്ക് രാജ്യത്തിന് ലഭിക്കണമെങ്കില്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന രണ്ട് പാദങ്ങളില്‍ 5.2 ശതമാനമെങ്കിലും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more