| Tuesday, 27th August 2024, 11:07 am

ഇസ്രഈലിന് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയും ഇസ്രഈലുമായുള്ള ആയുധവിതരണ ബന്ധത്തില്‍ കേന്ദ്രത്തോട് അതൃപ്തി പ്രകടിപ്പിച്ച് ജെ.ഡി.യു. ഇസ്രഈലിന് ആയുധവിതരണം ചെയ്യുന്ന നടപടി ഇന്ത്യ നിര്‍ത്തിവെക്കണമെന്നാണ് എന്‍.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യു ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നടക്കുന്ന ഇസ്രഈല്‍ ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജെ.ഡി.യുവിന്റെ ഇടപെടല്‍. ജെ.ഡി.യു വക്താവും എംപിയുമായ കെ.സി ത്യാഗിയാണ് ഇസ്രഈലിനുള്ള ആയുധവിതരണം നിര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ഡല്‍ഹിയിലെത്തിയ ലീഗ് ഓഫ് പാര്‍ലമെന്റ് ഫോര്‍ അല്‍ ഖുദ്‌സ് സെക്രട്ടറി ജനറല്‍ മുഹമ്മദ് മുകര്‍റം ബലാവിയുമായി പ്രതിപക്ഷനേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ത്യാഗിയുടെ ഈ പ്രസ്താവന. ആയുധവിതരണബന്ധം നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ വാര്‍ത്താകുറിപ്പിലൂടെയും ആവശ്യപ്പെട്ടു.

ഇസ്രഈലിനും ഫലസ്തീനും ഇടയിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ സമാധാനത്തിനെയും വെടിനിര്‍ത്തലിനെയും അനുകൂലിക്കുന്നുവെന്നും കെ.എസ് ത്യാഗി പറഞ്ഞു. ഫലസ്തീനില്‍ ആവശ്യമായ ഭക്ഷണവും മരുന്നുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടെ ഭാഗത്ത് നിന്നും നല്‍കുന്നുണ്ടെന്നും എം.പി പറഞ്ഞു.

‘ഇന്ത്യന്‍ സര്‍ക്കാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് അനുകൂലമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഫലസ്തീനെ സഹായിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മെഡിക്കല്‍, ഭക്ഷണവിതരണത്തിന് സഹായിച്ചിട്ടുണ്ട്. ഹമാസും ഹിസ്ബുള്ളയും വ്യത്യസ്തരാണ്. മഹാത്മാഗാന്ധിയും അടല്‍ ബിഹാരി വാജ്‌പേയും ഫലസ്തീനെ പിന്തുണച്ചിട്ടുണ്ട്,’കെ.എസ് ത്യാഗി പറഞ്ഞു.

ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രഈല്‍ യടത്തുന്ന ആക്രമണത്തെ നേതാക്കള്‍ അപലപിച്ചു. ഗസയ്‌ക്കെതിരെ ഇസ്രഈല്‍ സൈനികാക്രമണം മനുഷ്യരാശിക്ക് മാത്രമല്ല അന്താരാഷ്ട്രനിയമങ്ങളുടെയും നീതിയുടെയും ലംഘനമാണെന്നും നേതാക്കള്‍ പറഞ്ഞു.

സമാജ് പാര്‍ട്ടി എം.പിമാരായ ജാവേദ് അലിഖാന്‍, മുഹിബുല്ല നദവി, ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സജ്ഞയ് സിംഗ്, പാര്‍ട്ടി എം.എല്‍.എ പഞ്ജക് പുഷ്‌കര്‍,കോണ്‍ഗ്രസ് വക്താവ് മീം അഫ്‌സല്‍, രാഷ്ട്രവാദി സമാജ് വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അദീബ് തുടങ്ങിയവരാണ് ലീഗ് ഓപ് പാര്‍ലമെന്റ് മേധാവിയെ കണ്ടത്.

Content Highlight: jdu opposes india supplying arms to israel

We use cookies to give you the best possible experience. Learn more