| Saturday, 7th November 2020, 1:36 pm

ബജ്‌റംഗദള്‍ നേതാവിന്റെ കൊലപാതകം; ജെ.ഡി.യു മന്ത്രിക്കെതിരെ കൊലക്കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജെ.ഡി.യു മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ബജ്‌റംഗദള്‍ നേതാവ് ജയ് ബഹദൂര്‍ സിങിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്.

ബീഹാര്‍ മന്ത്രി രാംസേവക് സിങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജയ് ബഹദൂറിന്റെ ചെറുമകന്‍ ധീരേന്ദ്ര സിങിന്റെ പരാതിപ്രകാരമാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഐ.പി.സി സെക്ഷന്‍ 120 ബി (ഗൂഢാലോചന), 302 (കൊലപാതകക്കുറ്റം) എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ശക്തമായ എതിര്‍പ്പ് വിവിധ രാഷ്ട്രീയ ചേരിയില്‍ നിന്ന് ഉയരുന്ന സമയത്താണ് സര്‍ക്കാരിന് കുരുക്കായി പുതിയ കേസ്.

ബീഹാറിലെ മിര്‍ഗഞ്ച് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. തന്റെ മുത്തശ്ശന്‍ (ബഹദൂര്‍ സിങ്) ഭരണകക്ഷിയായ ജെ.ഡി.യുവിന് വോട്ട് ചെയ്യരുതെന്ന് അദ്ദേഹത്തിന്റെ അണികളോട് പറഞ്ഞതിന് പിന്നാലെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് ധീരേന്ദ്ര സിംഗ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് മിര്‍ഗഞ്ച് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ബഹദൂറിന് നേരെ വെടിവെക്കുകയായിരുന്നു. ബന്ധുക്കളും അനുയായികളും പൊലീസ് ജീപ്പ് നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് ആറു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.

അതേസമയം ജയ് ബഹദൂര്‍ സിങിനെ പരിചയമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം രാംസേവക് സിങ് പറഞ്ഞു. പ്രതിപക്ഷമായ ആര്‍.ജെ.ഡി മനപൂര്‍വ്വം തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രിയെക്കൂടാതെ ധീരേന്ദ്രസിങ് മറ്റ് അഞ്ച് പേര്‍ക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ഭൂമിത്തര്‍ക്കം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും ഗോപാല്‍ഗഞ്ച് പൊലീസ് സൂപ്രണ്ട് മനോജ് തിവാരി പറഞ്ഞു. ബഹദൂര്‍ സിങിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: JDU minister booked for murder of a Bajrangdal Leader

We use cookies to give you the best possible experience. Learn more