രാജ്യസഭസീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇടതു മുന്നണി തീരുമാനം
Kerala
രാജ്യസഭസീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇടതു മുന്നണി തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2018, 5:39 pm

കോഴിക്കോട്: കേരളത്തില്‍ നിന്നും ഒഴിവു വന്ന രാജ്യസഭസീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇടതു മുന്നണി യോഗത്തില്‍ ധാരണ.
തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. അതേസമയം ജെ.ഡി.യുവിനെ തല്‍ക്കാലം ഇടതുമുന്നണിയില്‍ പ്രവേശിക്കേണ്ടതില്ലെന്നും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി.

യു.ഡി.എഫ് വിട്ടു വന്ന ദള്‍ ഇടതുമുന്നണിയില്‍ അംഗത്വം ആവിശ്യപ്പെട്ട് ഔദ്യോഗികമായി കത്തുനല്‍കിയിരുന്നു, സി.പി.ഐ.എമ്മും സി.പി.ഐയും അവരെ പ്രവേശിക്കുന്നതിന് അനുകൂലമാണെങ്കിലും മുന്നണിയുടെ പൊതു അംഗീകാരം ആവിശ്യമുണ്ട്. അതിനാണ് യോഗം വിളിച്ചത്.

യുഡിഎഫ് വിടുന്നതിനു മുമ്പ് അവരുടെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വം വീരേന്ദ്രകുമാര്‍ രാജിവച്ചിരുന്നു. ആ ഒഴിവില്‍ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായതു കൂടി കണക്കിലെടുത്താണ് ദളിന്റെ പുനപ്രവേശനത്തിനായി തിരക്കിട്ടു യോഗം വിളിച്ചത്.

12ാം തിയതിയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. 11 ന് തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ജെഡിയുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 20 ന് വിളിച്ച് ചേര്‍ക്കാനും തീരുമാനമായി.

2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സീറ്റുതര്‍ക്കമാണ് ജനതാദള്‍ സെക്യുലര്‍ പിളര്‍ന്ന് വീരേന്ദ്രകുമാര്‍ വിഭാഗം പുതിയ പാര്‍ട്ടി ഉണ്ടാക്കി യുഡിഎഫില്‍ പ്രവേശിച്ചത്. ഇതിന് ശേഷം ഒമ്പത് കൊല്ലത്തിന് ശേഷമാണ് ഇവര്‍ എല്‍ഡിഎഫിലേക്ക് തിരികെ എത്തുന്നത്.

രാജ്യസഭാ സീറ്റ് നല്‍കാനുള്ള ഇടതുമുന്നണി തീരുമാനം ജെഡിയു സ്വാഗതം ചെയ്തു. രാജ്യസഭാ സീറ്റിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്നും എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.