| Sunday, 24th November 2019, 2:59 pm

മഹാരാഷ്ട്ര 'എപ്പിസോഡ്' ബിഹാറിലേക്കും? നിതീഷ് കുമാറിനെ ആശങ്കയിലാക്കുന്ന കാര്യങ്ങള്‍ ഇവയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ അസ്വസ്ഥരായിരിക്കുകയാണ് ബിഹാറില്‍ ജെ.ഡി.യുവും മുഖ്യമന്ത്രി നിതീഷ് കുമാറും. തെരഞ്ഞെടുപ്പിനു മുന്‍പുണ്ടായിരുന്ന സഖ്യ ഫോര്‍മുലയില്‍ നിന്നു മഹാരാഷ്ട്രയില്‍ ബി.ജെ.പി വ്യതിചലിച്ചതിനാല്‍, അടുത്തവര്‍ഷം നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കുമോ എന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. ശിവസേന പിന്മാറിയതോടെ ബി.ജെ.പിക്ക് പാര്‍ലമെന്റിലുള്ള ഏറ്റവും വലിയ സഖ്യകക്ഷിയാണ് ജെ.ഡി.യു.

ബി.ജെ.പിക്കൊപ്പം അജിത് പവാര്‍ ചേര്‍ന്നതിനെക്കുറിച്ചും ശിവസേനയ്‌ക്കൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നതിനെക്കുറിച്ചും ജെ.ഡി.യു വക്താവ് പവന്‍ വര്‍മ ഞായറാഴ്ച ‘ദ പ്രിന്റി’നോടു പ്രതികരിച്ചിരുന്നു.

എന്താണ് ഈ കക്ഷികളുടെ പ്രത്യയശാസ്ത്രമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സഖ്യങ്ങളുണ്ടാകുന്നത് അധികാരത്തിനു വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിഹാറിലെ ബി.ജെ.പിയുടെ മറ്റൊരു സഖ്യകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടിയെ (എല്‍.ജെ.പി) ബി.ജെ.പി-അജിത് പവാര്‍ സഖ്യത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ജെ.ഡി.യുവിന്റെ പ്രതികരണം.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ 2005-ലെ ബിഹാര്‍ തെരഞ്ഞെടുപ്പിനോടു സാമ്യമുള്ളതാണ്. അന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയുടെ ഭാഗമായിരുന്നു എല്‍.ജെ.പി. അതില്‍ നിന്ന് 15 എം.എല്‍.എമാരെ തെരഞ്ഞെടുപ്പിനു ശേഷം കാണാതായത് ഏറെ വിവാദമായിരുന്നു. അവരെ പിന്നീട് കണ്ടെത്തിയത് ജാര്‍ഖണ്ഡിലാണ്.

അവര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനു പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ കുതിരക്കച്ചവട ആരോപണം മൂര്‍ച്ഛിച്ചതോടെ അന്നത്തെ ഗവര്‍ണര്‍ ബൂട്ട സിങ് നിയമസഭ പിരിച്ചുവിട്ടു.

നിതീഷിനെ മുന്നണി നേതാവായി 2020-ലേക്ക് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര അവര്‍ക്ക് ആശങ്ക നല്‍കുന്നുണ്ട്. എല്‍.ജെ.പിയോടൊപ്പം ചേര്‍ന്ന് ബി.ജെ.പിക്ക് അടുത്തവര്‍ഷം കേവലഭൂരിപക്ഷത്തിനുള്ള സീറ്റ് ലഭിച്ചാല്‍ അവര്‍ ജെ.ഡി.യുവിനെ തഴയുമോ എന്ന കാര്യത്തിലാണ് ഈ ആശങ്ക നിലനില്‍ക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോഴും തെരഞ്ഞെടുപ്പിനുള്ള സീറ്റ് ഫോര്‍മുല ബി.ജെ.പിയും സഖ്യകക്ഷികളും തീരുമാനിച്ചിട്ടില്ല. തങ്ങള്‍ക്കും ബി.ജെ.പിക്കും 17 സീറ്റുകള്‍ വീതമാണു വേണ്ടതെന്ന ഫോര്‍മുലയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ മുന്നോട്ടുവെച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സിറ്റിങ് എം.പിമാരെ ഒഴിവാക്കിയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചത്.

ഇത്തവണയാകട്ടെ, 243 അംഗ നിയമസഭയില്‍ 100-110 സീറ്റുകളാണു തങ്ങള്‍ക്കു വേണ്ടതെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടുകഴിഞ്ഞു. ഇത്രതന്നെ സീറ്റുകളില്‍ ബി.ജെ.പിയും മത്സരിച്ചാല്‍ നാമമാത്രമായ സീറ്റുകളായിരിക്കും എല്‍.ജെ.പിക്കു ലഭിക്കുക.

അതിനിടെ ജെ.ഡി.യുവിനെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ വേണ്ടി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ബി.ജെ.പിയെ സഹായിക്കുമെന്ന ആരോപണങ്ങള്‍ ജെ.ഡി.യു നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

തേജസ്വിക്കും കുടുംബത്തിനും എതിരെ നിലനില്‍ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും കേസുകള്‍ അജിത് പവാറിന്റെ അവസ്ഥയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഇതാണ് നിതീഷിന്റെ വിലപേശല്‍ ശേഷിയെ ദുര്‍ബലമാക്കുന്നത്.

We use cookies to give you the best possible experience. Learn more