ന്യൂദല്‍ഹി: ബീഹാറില്‍ ഹൈക്കോടതി ബെഞ്ച് വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ജെ.ഡി.യു ബഹളം. സംസ്ഥാനത്ത് ഹൈക്കോടതി ബെഞ്ചുകളുടെ ആവശ്യം അനിവാര്യമാണെന്ന് ജെ.ഡി.യു എം.പിയായ ഗിര്‍ധാരി യാദവ് സഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു. ഹൈക്കോടതി ബെഞ്ചുകള്‍ സ്ഥാപിക്കുന്നത് കേന്ദ്ര ലിസ്റ്റിന് കീഴിലാണെന്നും ഗിര്‍ദാരി ചൂണ്ടിക്കാട്ടി.
’13 കോടി ജനസംഖ്യയുള്ള ബീഹാറില്‍ ഒരു ഹൈക്കോടതി ബെഞ്ച് പോലുമില്ല. എന്നാല്‍ ജനസംഖ്യ വളരെ കുറവുള്ള സംസ്ഥാനങ്ങളില്‍ ഒരു ഹൈക്കോടതിയും രണ്ട് ബെഞ്ചുകളുമുണ്ട്. ബീഹാറില്‍ എവിടെയെങ്കിലും ഒരു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് ഉദ്ദേശമുണ്ടോ,’ എന്ന് ഗിര്‍ധാരി യാദവ് കേന്ദ്രത്തോട് ചോദിച്ചു.
തുടര്‍ന്ന് ജെ.ഡി.യു എം.പി ഉന്നയിച്ച ആവശ്യത്തിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ രംഗത്തെത്തി. 1981ലെ ജസ്വന്ത് സിങ് കമ്മീഷന്റെയും സുപ്രീം കോടതിയുടെയും ശുപാര്‍ശകള്‍ അനുസരിച്ചാണ് ഹൈക്കോടതി ബെഞ്ചുകള്‍ രൂപീകരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ഗവര്‍ണറെയും സമീപിക്കണമെന്നും അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു.
എന്നാല്‍ കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതനായ ജെ.ഡി.യു എം.പി, കേന്ദ്ര ലിസ്റ്റിന് കീഴിലുള്ള ഒരു വിഷയത്തില്‍ ചീഫ് ജസ്റ്റിസും ഗവര്‍ണറും എന്തിന് ഇടപെടണമെന്ന് ഗിര്‍ധാരി യാദവ് ചോദിച്ചു. കൂടാതെ ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനുപിന്നാലെ ഗിര്‍ധാരി യാദവ് ഉന്നയിച്ച സമാന ആവശ്യം ബീഹാറില്‍ നിന്നുള്ള പപ്പു യാദവും ഉയര്‍ത്തി. ബിഹാറില്‍ 2.37 ലക്ഷം കേസുകളാണ് ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്നത്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ബെഞ്ചുകള്‍ ആവശ്യമായി വരുന്നു. ഒന്ന് പൂര്‍ണിയയിലും മറ്റൊന്ന് മുസാഫര്‍പൂരിലുമാണ് വേണ്ടതെന്നാണ് പപ്പു യാദവ് പറഞ്ഞത്. നീതി വൈകുന്നത് നീതി നിഷേധമാണെന്ന ഗാന്ധിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പപ്പു യാദവ് രംഗത്തെത്തിയത്.
അതേസമയം ദേശീയ-സംസ്ഥാന തലങ്ങളില്‍ സഖ്യകക്ഷിയായിരിക്കെ ജെ.ഡി.യുവും ബി.ജെ.പിയും ബീഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെണെന്ന് ആര്‍.ജെ.ഡി വിമര്‍ശനം ഉയര്‍ത്തി. സംസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്നത് തങ്ങളുടെയും ആവശ്യമാണെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ തൃപ്തയല്ലെന്നും ആര്‍.ജെ.ഡി എം.പിയായ മിസ ഭാരതി പറഞ്ഞു.
ഈ വിഷയം സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുമ്പാകെ എത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ആവശ്യം നടപ്പിലാകാത്ത പക്ഷം ജെ.ഡി.യു ബി.ജെ.പിക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും മിസ ആവശ്യപ്പെട്ടു. ഇരുവരും ചേര്‍ന്ന്
ബിഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും മിസ ഭാരതി വ്യക്തമാക്കി.
Content Highlight: JDU clamors in the Lok Sabha demanding a High Court bench in Bihar