| Thursday, 11th January 2018, 2:51 pm

ഇടതുമുന്നണിയിലേക്ക് പോകാന്‍ ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് പോകാന്‍ ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. 14 ജില്ലാ പ്രസിഡന്റുമാരും ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനത്തെ അനുകൂലിച്ചു.

ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് വര്‍ഗീസ് ജോര്‍ജ്ജ് യോഗത്തില്‍ പറഞ്ഞു. എല്‍.ഡി.എഫിലേക്ക് പോകാനുള്ള അനുകൂലമായ സമയമാണ് ഇതെന്ന് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി.

മുന്നണിമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുന്‍ മന്ത്രി കെ.പി.മോഹനനും നിലപാടു മാറ്റിയതോടെയാണ് ഇടതുമുന്നണി പ്രവേശം സാധ്യമായത്.

ഇടതുമുന്നണിയില്‍ ചേരുന്നതു സംബന്ധിച്ച് 12ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അന്തിമ തീരുമാനമെടുക്കും. നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് ആലോചന.

മുന്നണിമാറ്റം അടക്കമുള്ള തീരുമാനം എടുക്കാനായി രണ്ടുദിവസം നീളുന്ന നേതൃയോഗമാണ് തലസ്ഥാനത്ത് നടക്കുന്നത്.

ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് മുന്നണി പ്രവേശനത്തിന്റെ സൂചനകള്‍ വീരേന്ദ്രകുമാര്‍ നല്‍കിയത്. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മുന്നണിമാറ്റം അനിവാര്യമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ഭൂരിഭാഗം സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും നീക്കത്തെ പിന്താങ്ങുകയായിരുന്നു. നേരത്തേ, യുഡിഎഫിന്റെ വോട്ടില്‍ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു.

രാജിവച്ച ഒഴിവിലുള്ള രാജ്യസഭ സീറ്റും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എല്‍ഡിഎഫില്‍ ആവശ്യപ്പെട്ടേക്കും. ഇതു സംബന്ധിച്ച് സി.പി.ഐ.എം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more