| Saturday, 31st August 2024, 8:11 pm

'മതവിശ്വാസങ്ങളെ ആക്രമിക്കാന്‍ അവകാശമില്ല'; അസം നിയമസഭയിലെ നിസ്‌കാര ഇടവേള റദ്ദാക്കിയതില്‍ ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ജുമുഅ നിസ്‌കാരത്തിനായി സംസ്ഥാന നിയമസഭയില്‍ അനുവദിച്ചിരുന്ന രണ്ട് മണിക്കൂര്‍ സമയം റദ്ദാക്കിയ നീക്കത്തില്‍ അസം സര്‍ക്കാരിനെതിരെ ജെ.ഡി.യു.

അസം സര്‍ക്കാരിന്റെ നീക്കം മതവിശ്വാസങ്ങളെ തുരങ്കം വെക്കുന്നതാണെന്ന് ജെ.ഡി.യു നേതാവ് നീരജ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സംസ്ഥാനത്തെ വെള്ളപ്പൊക്കം, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങള്‍ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നീരജ് കുമാര്‍ ആവശ്യപ്പെട്ടു.

മതവിശ്വാസങ്ങളെ ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളെ ഉയർത്തികൊണ്ടുവരുന്നതിലും സംസ്ഥാനം വെള്ളപ്പൊക്കം നേരിടേണ്ടിവരില്ലെന്ന് ഉറപ്പുവരുത്തുന്നതിലും ഹിമന്ത ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നന്നായിരുന്നുവെന്നാണ് നീരജ് കുമാര്‍ പറഞ്ഞത്.

ഹിമന്തയുടെ തീരുമാനം രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജെ.ഡി.യു നേതാവ് വിമര്‍ശിച്ചു. എല്ലാ മത വിശ്വാസങ്ങള്‍ക്കും അതിന്റെ പാരമ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം എ.എൻ.ഐയോട് ചൂണ്ടിക്കാട്ടി.

‘റമദാനിലെ അവധി ദിവസങ്ങള്‍ക്ക് നിങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് കരുതുക. നിങ്ങള്‍ വാദിക്കുന്നത് പോലെ അത് ജോലിയുടെ കാര്യക്ഷമത വര്‍ധിപ്പിച്ചേക്കാം. അതേസമയം ഹിന്ദു പാരമ്പര്യത്തിന്റെ ഒരു പ്രധാന ഭാഗമായ കാമാഖ്യ ക്ഷേത്രത്തിലെ ബലിയര്‍പ്പണത്തിന് നിങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമോ,’ എന്നും നീരജ് കുമാര്‍ ഹിമന്തയോട് ചോദിച്ചു.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാവാണ് ഹിമന്ത. ഇതിനുപിന്നാലെയാണ് ഹിമന്തയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്‍ അനുവദിച്ചിരുന്ന സമയം റദ്ദാക്കിയത്. എന്നാല്‍ എന്‍.ഡി.എ കക്ഷിയായ ജെ.ഡി.യു അസം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി വീണ്ടും വെട്ടിലായിരിക്കുകയാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്ന നിയമമാണ് ഹിമന്ത സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഉച്ചയ്ക്ക് 12 മണിമുതല്‍ രണ്ട് മണി വരെയാണ് നിസ്‌കാരത്തിനായി ഈ നിയമം സമയം അനുവദിച്ചിരുന്നത്.

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതര മുതലാണ് അസമില്‍ നിയമസഭാ സമ്മേളനം ആരംഭിക്കുക. എന്നാല്‍ നിലവില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒമ്പത് മണിക്ക് സഭ ആരംഭിക്കുകയും ചെയ്യും. ഈ നിയമം റദ്ദാക്കുന്നതോടെ ആഴ്ച്ചയിലെ എല്ലാ ദിവസവും ഒമ്പതരയ്ക്ക് തന്നെയാവും ഇനി സഭ തുടങ്ങുക.

ലോക്സഭയിലും രാജ്യസഭയിലും ഇത്തരത്തില്‍ സമയം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം റദ്ദാക്കിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഒരു ശേഷിപ്പും ഭാരതത്തില്‍ ഉണ്ടാകരുതെന്ന ബി.ജെ.പി ആഹ്വാനവും ഈ നീക്കത്തിന് പിന്നിലുണ്ട്. 1937ല്‍ മുസ്‌ലിം ലീഗ് നേതാവായ സയ്യിദ് സാദുള്ളയാണ് ഈ നിയമം നടപ്പിലാക്കാന്‍ ചുക്കാന്‍ പിടിച്ചതെന്ന് ഹിമന്ത പ്രതികരിച്ചിരുന്നു.

ജനപ്രതിനിധികളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനാണ് നിസ്‌കാരത്തിനുള്ള സമയം അവസാനിപ്പിച്ചതെന്നും ഹിമന്ത എക്‌സില്‍ കുറിച്ചിരുന്നു. അസം നിയമസഭാ സ്പീക്കര്‍ ബിശ്വജിത് ഡൈമറി ഡങ്കോറിയ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിയമം റദ്ദ് ചെയ്യാന്‍ തീരുമാനമെടുത്തത്. ഈ നീക്കത്തെ സഭയിലെ എല്ലാവരും അനുകൂലിച്ചെന്ന് ബി.ജെ.പി എം.എല്‍.എ ബിശ്വജിത്ത് ഫുകന്‍ പറയുകയുമുണ്ടായി.

Content Highlight: JDU aganist the cancellation of namaz break in Assam Assembly

We use cookies to give you the best possible experience. Learn more