| Tuesday, 4th April 2017, 9:01 pm

എക്‌സ്‌ക്ലൂസിവ്:  കോളേജ് മാഗസിനില്‍ ആര്‍.എസ്.എസ്സിനേയും ഹിന്ദുത്വത്തേയും പറ്റി പറയുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്ന് മാനേജ്‌മെന്റ്; വിലക്കപ്പെട്ട ഭാഗങ്ങളില്‍ 'കത്രിക' അച്ചടിച്ച് മാഗസിന്‍ പുറത്തിറങ്ങി; സംഭവം ജെ.ഡി.ടി ഇസ്‌ലാം കോളേജില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോളേജ് മാഗസിനിലെ ഉള്ളടക്കത്തിന് മാനേജ്‌മെന്റ് കത്രിക വെച്ചപ്പോള്‍ മാഗസിനില്‍ കത്രിക പ്രസിദ്ധീകരിച്ച് അണിയറക്കാര്‍. കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലാണ് സംഭവമുണ്ടായത്. “പേടി” എന്ന പേരിലുള്ള മാഗസിന്റെ ഉള്ളടക്കത്തിലെ ആര്‍.എസ്.എസ്, എ.ബി.വി.പി, ബി.ജെ.പി, ഹിന്ദുത്വം, പ്രധാനമന്ത്രി തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് നീക്കം ചെയ്യാനായാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഈ ഭാഗങ്ങളെല്ലാം ഒഴിവാക്കുന്നതിന് പകരം എഴുത്തിന് മുകളില്‍ കത്രികയുടെ ചിത്രം വെച്ചാണ് മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്.


Related News: കോളേജ് മാഗസിനില്‍ വില്ലന്മാര്‍ക്കൊപ്പം മോദി: 3 വിദ്യാര്‍ത്ഥികളെ പുറത്താക്കി


കത്രികയുടെ ചിഹ്നം മാഗസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കാണാനാകും എന്ന് മാഗസിന്റെ ആദ്യ പേജുകളില്‍ തന്നെ പറയുന്നുണ്ട്. അക്ഷരങ്ങളെ പേടിച്ചവര്‍ അതിനെ വെട്ടിനിരത്തി. ഇനി അവശേഷിക്കുന്നത് പതിര് മാത്രമാണ്. ഇത് അപൂര്‍ണ്ണതയുടെ കൃതിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോള്‍ ഇനി സ്വാതന്ത്ര്യം വായനക്കാര്‍ക്കാണെന്നും മാഗസിന്റെ തുടക്കത്തില്‍ പറയുന്നു.


Also Read: ‘വിശ്വവിഖ്യാത തെറി’ രാജ്യദ്രോഹമെന്ന് എ.ബി.വി.പി: ഗുരുവായൂരപ്പന്‍ കോളജ് മാഗസിനെതിരെ പോലീസ് അന്വേഷണം


താന്‍ അപൂര്‍ണ്ണനാണെന്നും പേടിച്ചവരുടെ ഇരയാണെന്നും “നിയമപ്രകാരമുള്ള മുന്നറിയിപ്പായി” മാഗസിന്‍ തന്നെ വായനക്കാരോട് പറയുന്നതും ആദ്യ പേജുകളില്‍ കാണാം. കത്രിക ചിഹ്നം കാണുന്നിടത്ത് നിന്ന് പേടിച്ചവര്‍ മുറിച്ചു മാറ്റിയതിനെ വായനക്കാര്‍ കൂട്ടിവായിക്കണമെന്ന പ്രതീക്ഷയും മാഗസിന്‍ പങ്കു വെയ്ക്കുന്നു. ആമുഖ ഭാഗങ്ങള്‍ കഴിഞ്ഞ് 25-ആം പേജ് മുതല്‍ “കത്രിക വെച്ച” ഭാഗങ്ങള്‍ കാണാം.


Don”t Miss: മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കോളേജ് മാഗസിന്‍ വിട്ടുകൊടുക്കാതെ പ്രസ് ഉടമകള്‍


കത്രിക വെച്ച ഭാഗങ്ങളില്‍ മിക്കതിലും ആര്‍.എസ്.എസ്, ബി.ജെ.പി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദുത്വം എന്നിവയെ പറ്റിയാണ് പരാമര്‍ശിക്കുന്നത്. പ്രധാനമായും ഫാസിസം സംബന്ധിച്ച ലേഖനങ്ങളിലാണ് “കത്രിക” വീണിട്ടുള്ളത്. അതേസമയം, ഹിന്ദുത്വ ഫാസിസത്തിമനൊപ്പം ഐ.എസ്.ഐ.എസിനെ പറ്റിയും, സ്ത്രീസുരക്ഷയെ പറ്റിയുള്ള ആശങ്കകളുമെല്ലാം മാഗസിന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.


Related News: ആര്‍.എസ്.എസിനെതിരെ വിമര്‍ശനമുന്നയിച്ച മാഗസിന്‍ എഡിറ്റര്‍ക്ക് വെള്ളാപ്പള്ളിയുടെ കോളജ് അഡ്മിഷന്‍ നിഷേധിച്ചു


ഉള്ളടക്കത്തിലെ പലഭാഗങ്ങളും വെട്ടിമാറ്റണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടുവെന്ന് വിദ്യാര്‍ത്ഥികള്‍ “ഡൂള്‍ന്യൂസി”നോട് പറഞ്ഞു. എന്നാല്‍ ആ ഭാഗങ്ങളൊന്നും തന്നെ തെറ്റാണെന്ന് തങ്ങള്‍ക്ക് തോന്നിയില്ലെന്നും അതുകൊണ്ടാണ് നീക്കം ചെയ്യുന്നതിന് പകരം എഴുത്തിന് മുകളില്‍ കത്രിക വെച്ച് അച്ചടിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ ഫാസിസത്തെ പറ്റി മാത്രമല്ല, ഐ.എസ്.ഐ.എസ് പോലുള്ള ഫാസിസത്തിന്റെ മറ്റ് രൂപങ്ങളെ പറ്റിയും വേറെ നിരവധി കാര്യങ്ങളും മാഗസിനില്‍ ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍  പറഞ്ഞു.


Don”t Miss: ഭാരതീയ സംസ്‌കാരത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഗുരുവായൂരപ്പന്‍ കോളേജ് മാഗസിന്‍ കത്തിച്ചു 


രാഷ്ട്രീയം ഇല്ലാത്ത മാഗസിനാണ് ജെ.ഡി.ടിയുടേതെന്ന് സ്റ്റാഫ് എഡിറ്ററായ നയീം. പി “ഡൂള്‍ന്യൂസി”നോട്
പറഞ്ഞു. കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഇല്ല. മാനേജ്‌മെന്റാണ് മാഗസിന്‍ പുറത്തിറക്കാനായി ഫണ്ട് അനുവദിക്കേണ്ടതും മറ്റും. ഫാസിസത്തിനെതിരായുള്ള മാഗസിന്‍ വിദ്യാര്‍ത്ഥികളുടേത് മാത്രമാണ്. എന്നാല്‍ കോളേജിന്റെ മാഗസിന്‍ വിവാദമാകുമോ എന്ന ഭയം മാനേജ്‌മെന്റിന് ഉണ്ട്. ഗുരുവായുരപ്പന്‍ കോളേജിന്റെ മാഗസിനായ “വിശ്വവിഖ്യാതമായ തെറി”, പൊന്നാനി എം.ഇ.എസ് കോളേജിന്റെ “മുല മുറിക്കപ്പെട്ടവള്‍” എന്നീ മാഗസിനുകള്‍ പുറത്തിറക്കിയപ്പോള്‍ വിവാദമായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് മാനേജ്‌മെന്റ് ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more