ബെംഗളൂരു: പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ സസ്പെന്‍ഡ് ചെയ്ത് ജെ.ഡി.എസ്. പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് ചൂണ്ടിക്കാട്ടിയാണ് നടപടി.
പാര്‍ട്ടി ദേശീയ അധ്യക്ഷനും പിതാവുമായ എച്ച്ഡി ദേവഗൗഡയുടെ തീരുമാന പ്രകാരമാണ് നടപടിയെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം പ്രജ്വലിനെ പുറത്താക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും കുമാരസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം കോണ്‍ഗ്രസാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പുറത്തുവിട്ടതെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ വീഡിയോയുടെ സ്രോതസ് വെളിപ്പെടുത്തി പ്രജ്വല രേവണ്ണയുടെ മുന്‍ ഡ്രൈവര്‍ രംഗത്തെത്തിയതോടെ ബി.ജെ.പി വാദം തള്ളപ്പെട്ടു.
കൂടാതെ പ്രജ്വല്‍ രേവണ്ണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് നേരത്തെ തന്നെ ഈ ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു. പ്രജ്വല് രേവണ്ണയുടെ അശ്ലീല വീഡിയോകള്‍ തുറന്നുകാട്ടി അദ്ദേഹം പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റ് പ്രസിഡന്റിന് കത്തെഴുതിയിട്ടും ബി.ജെ.പി ജെ.ഡി.എസുമായി സഖ്യം പ്രഖ്യാപിക്കുകയായിരുന്നു.
സംഭവത്തില്‍ ദേശീയ വനിത കമ്മീഷനും ഇടപെടല്‍ നടത്തി. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് കമ്മീഷന്‍ കത്തയച്ചിരുന്നു.
തിങ്കളാഴ്ച ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എക്സില്‍ കുറിച്ചു.
’10 ദിവസം മുന്‍പ് പ്രധാനമന്ത്രിയുടെ തോളില്‍ കൈവെച്ച് ഫോട്ടോയെടുത്ത നേതാവ്, പ്രധാനമന്ത്രി തന്നെ പ്രചരണം നടത്തിയ നേതാവ്. ആ നേതാവ് ഇന്ന് ഒളിവിലാണ്. അയാള്‍ ചെയ്ത ഹീനകൃത്യങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഹൃദയം നുറുങ്ങുന്നു. നൂറുകണക്കിന് സ്ത്രീകളുടെ ജീവിതമാണ് അയാള്‍ നശിപ്പിച്ചത്. എന്നിട്ടും മോദി നിങ്ങള്‍ മിണ്ടാതിരിക്കുവാണോ?,’ പ്രിയങ്ക എക്സില്‍ വിമര്‍ശിച്ചു.