| Sunday, 14th April 2019, 8:58 am

മാണ്ഡ്യയില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ മകന്റെ പ്രചരണത്തിന് 150 കോടി, വോട്ടര്‍മാര്‍ക്ക് മട്ടനും ചിക്കനും; നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാണ്ഡ്യയില്‍ കോടികള്‍ സമാഹരിച്ചെന്ന ജനതാദള്‍ എസ് നേതാക്കളുടെ ശബ്ദരേഖ പുറത്തു വിട്ട് സ്വകാര്യ ചാനല്‍. മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പിന് വേണ്ടി 150 കോടി രൂപ സമാഹരിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ചാനല്‍ പുറത്തു വിട്ടിരിക്കുന്നതെന്ന് ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെ.ഡി.എസ്. സിറ്റിങ് എം.പി. ശിവരാമഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡയും ജെ.ഡി.എസ് മുന്‍ നേതാവ് പി. രമേശും തമ്മിലുള്ള സംഭാഷണമാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.

മാണ്ഡ്യയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് മത്സരിക്കുന്നത്. നിഖിലിന്റെ വിജയം ഉറപ്പിക്കാന്‍ മണ്ഡലത്തില്‍ 150 കോടി സമാഹരിച്ചിട്ടുണ്ടന്ന് ചേതന്‍ ഗൗഡ രമേഷിനോട് പറയുന്നുണ്ട്.

‘ഓരോ ബൂത്തിലും അഞ്ചു ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. ആകെ 2800 ബൂത്തുകളാണ് മാണ്ഡ്യയിലുള്ളത്. ജെ.ഡി.എസിന്റെ നേതാക്കള്‍ പണം വിതരണം ചെയ്യും. കൂടാതെ വോട്ടര്‍മാര്‍ക്ക് മട്ടനും ചിക്കനും നല്‍കും’- സംഭാഷണത്തില്‍ പറയുന്നു.

‘ആദ്യമായാണ് എച്ച്.ഡി ദേവഗൗഡയുടെ കുടുംബം തെരഞ്ഞെടുപ്പിന് വേണ്ടി പണം ചെലവഴിക്കുന്നതെന്നും ചേതന്‍ ഗൗഡ രമേഷിനോട് പറയുന്നുണ്ട്.

അതേസമയം, പണം ചെലവഴിച്ചുള്ള രാഷ്ട്രീയം ജെ.ഡി.എസിനില്ലെന്ന് കുമാരസ്വാമി പ്രതികരിച്ചു. ജെ.ഡി.എസ് പണ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇത് വോട്ടര്‍മാര്‍ വിശ്വസിക്കരുതെന്നും ഭാരതിനഗറിലെ തെരഞ്ഞെടുപ്പു റാലിയില്‍ കുമാരസ്വാമി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ജെ.ഡി.എസ്. കോടികള്‍ ചെലവഴിക്കുന്നതായി മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി നടി സുമലത നേരത്തേ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സുമലതക്ക് സീറ്റ് നിഷേധിച്ചാണ് നിഖിലിന് കോണ്‍ഗ്രസ് സീറ്റ് കൊടുക്കുന്നത്.

We use cookies to give you the best possible experience. Learn more