| Tuesday, 13th September 2022, 9:35 am

മൂന്നാം മുന്നണിയല്ല ചര്‍ച്ച, കെ.സി.ആറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്തുണയുമായി ജെ.ഡി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ജനങ്ങളുടെയും കര്‍ഷകരുടെയും ശബ്ദമാകാനുള്ള തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആര്‍.എസ്) അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ജെ.ഡി.എസ്. പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹൈദരാബാദില്‍ കെ.സി.ആറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് മണിക്കൂറോളമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

‘രാജ്യത്തെ പ്രശ്‌നങ്ങളെ പ്രതിനിധാനം ചെയ്യാന്‍ റാവുവിന് അദ്ദേഹത്തിന്റേതായ വഴികളുണ്ട്. കര്‍ഷകരുടെ കാര്യത്തിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് വ്യക്തമായ ആശയമുണ്ട്. ദേശീയതലത്തില്‍ കര്‍ഷകര്‍ക്ക് ശബ്ദമാകേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഒരു ചെറിയ പാര്‍ട്ടിയെന്ന നിലക്ക് ഞങ്ങള്‍ക്ക് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നിന്ന് കര്‍ഷകരുടെ ശബ്ദമായി മാറണമെന്ന് തോന്നി,’ എച്ച്.ഡി. കുമാരസ്വാമിയെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാം മുന്നണിയെക്കുറിച്ചായിരുന്നില്ല ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ആദ്യവാരം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് മഹിമ പട്ടേലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജനതതാദളിനെ വീണ്ടും ഒന്നിച്ചുചേര്‍ക്കാനുള്ള ചര്‍ച്ചകളായിരിക്കാം നടന്നതെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇതിന് പിന്നാലെ വ്യാപകമായി പ്രചരിച്ചിരുന്നു. യോഗം പുതിയ രാഷ്ട്രീയ യുഗത്തിന്റെ തുടക്കമാകട്ടെയെന്ന് പ്രതീക്ഷിക്കുന്നതായും എച്ച.ഡി. കുമാരസ്വാമി പറഞ്ഞു.

അതേസമയം, 2023ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ജെ.ഡി.എസിന്റെ അവസാനത്തേതെന്ന മകന്‍ നിഖില്‍ കുമാരസ്വാമിയുടെ പ്രസ്താവനയെ കുമാരസ്വാമി തള്ളി.

2023ലെ തെരഞ്ഞെടുപ്പ് അഗ്‌നിപരീക്ഷയായിരിക്കും. തെരഞ്ഞെടുപ്പിന്റെ ഫലം പാര്‍ട്ടിയുടെ അടുത്ത 25 വര്‍ഷത്തെ രാഷ്ട്രീയ ഭാവിയെ നിര്‍ണയിക്കുന്നതായിരിക്കും ഇതാണ് നിഖില്‍ അടിവരയിട്ടതെന്നും എച്ച.ഡി കുമാരസ്വാമി പറഞ്ഞു. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. അതിനാല്‍, അടുത്ത തെരഞ്ഞെടുപ്പിനെ ഒരു വെല്ലുവിളിയായി തന്നെയാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: JDS says it will support the political moves of KCR, says will join hands to be the voice of farmers

We use cookies to give you the best possible experience. Learn more