ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇന്ന് അവസാനമായേക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരും ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും കിണഞ്ഞുശ്രമിക്കുമ്പോള്‍ ഇന്നത്തെ മണിക്കൂറുകള്‍ കൂടുതല്‍ സംഭവബഹുലമാകുമെന്ന് ഉറപ്പ്.
ഇപ്പോള്‍ ഭരണമുന്നണിയുടെ പ്രധാന ചിന്ത വിമതരെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നതാണ്. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പകരം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ ആ സ്ഥാനത്തെത്തിക്കാനാണ് മുന്നണിയുടെ ആലോചന. ഈയാവശ്യം വിമതര്‍ നേരത്തേ മുന്നോട്ടുവെച്ചതുമാണ്. പ്രതിസന്ധിഘട്ടമായതിനാല്‍ ജെ.ഡി.എസ് നേതൃത്വം ഇതിനു സമ്മതം മൂളിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചവരില്‍ ഭൂരിഭാഗവും സിദ്ധരാമയ്യ അനുയായികളാണ്. ഇതാണ് ഇത്തരമൊരു നീക്കത്തിന് അവരെ പ്രേരിപ്പിക്കുന്നത്. ഇത് വിമതര്‍ സമ്മതിച്ചാല്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുന്നതു തടയാനും വിമതരെ അയോഗ്യരാക്കുന്നതിലേക്കു പോകാതിരിക്കാനും കഴിയും.
ജെ.ഡി.എസ് നേതാക്കളും മന്ത്രിമാരുമായ ജി.ടി ദേവഗൗഡ, സാരാ മഹേഷ് എന്നിവര്‍ സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ, ശിവകുമാര്‍, ജി. പരമേശ്വര എന്നിവരിലാര് മുഖ്യമന്ത്രിയായാലും എതിര്‍ക്കില്ലെന്ന നിലപാടാണ് ദേവഗൗഡയുടേത്.
നിലവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് ബി.എസ്.പി അംഗം ഒഴികെ ഔദ്യോഗികമായി 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. അതേസമയം ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷത്തിന് 107 അംഗങ്ങളുടെ പിന്തുണയുമുണ്ട്. എന്നാല്‍ കൂറുമാറ്റം തകൃതിയായി നടക്കുന്നതിനാല്‍ ഈ കണക്കുകളില്‍ കാര്യമുണ്ടാകില്ല.