ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബി.ജെ.പി വന്‍ ചാക്കിട്ടുപിടുത്തം നടത്തുന്നതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. എം.എല്‍.എമാര്‍ക്ക് 100 കോടിരൂപ വാഗ്ദാനം ചെയ്തതായി കുമരസ്വാമി പറഞ്ഞു.
ബി.ജെ.പിക്ക് ഇത്രയും കള്ളപ്പണം എവിടെ നിന്നാണ് വരുന്നതെന്നും പാവപ്പെട്ടവരെ സേവിക്കുമെന്ന പറയുന്ന അവര്‍ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണെന്നും കുമരസ്വാമി പറഞ്ഞു. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ എവിടെ പോയിരിക്കുകയാണെന്നും കുമരസ്വാമി ചോദിച്ചു. ജെ.ഡി.എസ് യോഗത്തിന് ശേഷം സംസാരിക്കവെയാണ് കുമരസ്വാമി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചത്.
2004ല്‍ ബി.ജെ.പിക്കൊപ്പം പോയതിലൂടെ തന്റെ പിതാവിന് മേല്‍ താന്‍ കരിനിഴല്‍ വീഴ്ത്തിയെന്നും ഇത് മാറ്റാനായി താന്‍ കോണ്‍ഗ്രസിനൊപ്പം പോകുമെന്നും കുമരസ്വാമി പറഞ്ഞു.
JD(S) MLAs are being offered Rs 100 crore each. Where is this black money coming from? They are supposedly the servers of poor people and they are offering money today. Where are the income tax officials?: HD Kumaraswamy, JD(S) #KarnatakaElections2018 pic.twitter.com/d157SS30E5
— ANI (@ANI) May 16, 2018
കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാം എന്നത് മോദിയുടെ വ്യാമോഹമാണെന്നും കുമാരസ്വാമി പറഞ്ഞു. തങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി പരിശ്രമിക്കുന്നുണ്ട് എന്നാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു.
എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ജെ.ഡി.എസ്ഫകോണ്‍ഗ്രസ് സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകള്‍ അവര്‍ ഭിന്നിപ്പിച്ചു. അതിനാല്‍ തന്നെ ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്നും കോണ്‍ഗ്രസ് സഖ്യത്തില്‍ 12 ജെ.ഡി.എസ് എം.എല്‍.എമാര്‍ അസംതൃപ്തരാണെന്ന ബിജെ.പിയുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും തങ്ങള്‍ വഴങ്ങില്ലെന്നും ബി.ജെ.പി അവര്‍ക്കാകുന്നപോലെ ശ്രമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.