ജനതാദള്‍ എസിനെ തകര്‍ക്കാന്‍ സിദ്ധരാമയ്യ, മറുകണ്ടം ചാടാന്‍ നോക്കി സോഷ്യലിസ്റ്റ് എം.എല്‍.എമാര്‍; തടയാന്‍ അവസാന ശ്രമവുമായി കുമാരസ്വാമി
national news
ജനതാദള്‍ എസിനെ തകര്‍ക്കാന്‍ സിദ്ധരാമയ്യ, മറുകണ്ടം ചാടാന്‍ നോക്കി സോഷ്യലിസ്റ്റ് എം.എല്‍.എമാര്‍; തടയാന്‍ അവസാന ശ്രമവുമായി കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2019, 12:03 pm

ബംഗളൂരു: അധികാരം നഷ്ടപ്പെട്ട് മൂന്ന് മാസം പിന്നിടും മുമ്പേ പാര്‍ട്ടി വിടാനൊരുങ്ങി നില്‍ക്കുന്ന എം.എല്‍.എമാരെ കൊണ്ട് വലയുകയാണ് ജനതാദള്‍ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. പിണങ്ങി നില്‍ക്കുന്ന എം.എല്‍.എമാരുടെ രോഷം ശമിപ്പിക്കുന്നതിന് വേണ്ടി എല്ലാ എം.എല്‍.എമാരെയും കൊണ്ട് അടുത്തയാഴ്ച മലേഷ്യയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് കുമാരസ്വാമി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ എം.എല്‍.എമാരില്‍ ചിലരെങ്കിലും മലേഷ്യന്‍ ട്രിപ്പില്‍ പങ്കാളികളാകില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. പല എം.എല്‍.എമാരും ദേവഗൗഡയുമായും കുമാരസ്വാമിയുമായുള്ള ആശയ വിനിമയം തന്നെ അവസാനിപ്പിച്ചിട്ട് ആഴ്ചകളായിട്ടുണ്ട്.

രണ്ട് വെല്ലുവിളികളാണ് കുമാരസ്വാമിയും ജനതാദളും നേരിടുന്നത്. ഒന്നാമത്തെ വെല്ലുവിളി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യില്‍ നിന്നാണ്. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും കോട്ടയായ പഴയ മൈസൂര്‍ മേഖലയില്‍ ജനതാളിനെ അവസാനിപ്പിക്കുക എന്നതാണ് സിദ്ധരാമയ്യയുടെ ലക്ഷ്യം. ഇവിടെ ബി.ജെ.പിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലയാണ്. നിലവില്‍ ജനതാദള്‍ നേതൃത്വത്തോട് പിണങ്ങി നില്‍ക്കുന്ന എം.എല്‍.എമാരെ കോണ്‍ഗ്രസിലെത്തിച്ചാല്‍ വലിയ നേട്ടമുണ്ടാക്കാമെന്നാണ് സിദ്ധരാമയ്യ കരുതുന്നത്. ഈ ലക്ഷ്യം അറിയാവുന്നത് കൊണ്ട് തന്നെയാണ് കുമാരസ്വാമി ഈയടുത്ത ദിവസങ്ങളില്‍ സിദ്ധരാമയ്യയ്‌ക്കെതിരെയുള്ള ആക്രമണം സജീവമാക്കിയിരിക്കുന്നത്.

ജനതാദള്‍ എം.എല്‍.എമാര്‍ രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ പഴയ മൈസൂര്‍ മേഖലയില്‍ തങ്ങള്‍ക്കും സ്വാധീനമുണ്ടാക്കാമെന്ന് ബി.ജെ.പിയും കരുതുന്നു. ഇതാണ് രണ്ടാമത്തെ വെല്ലുവിളി. ഡിസംബര്‍ 5ന് 15 നിയമസഭ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴോ എട്ടോ സീറ്റുകളില്‍ വിജയിച്ചാല്‍ ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയും. അതോടൊപ്പം ജനതാദളില്‍ നിന്ന് രാജിവെക്കുന്ന എം.എല്‍.എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കി വിജയിപ്പിച്ചെടുത്താല്‍ പേടിയില്ലാതെ ഭരിക്കാം എന്നാണ് ബി.ജെ.പിയും കരുതുന്നത്.

ജനതാദളില്‍ നിന്ന് എം.എല്‍.എമാര്‍ രാജിവെക്കുകയാണെങ്കില്‍ വലിയ വിഭാഗം ബിജെ.പിയിലേക്കും ചെറിയ വിഭാഗം കോണ്‍ഗ്രസിലേക്കും എത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. എം.എല്‍.എമാര്‍ പാര്‍ട്ടി വിടാതെ നിലനിര്‍ത്താന്‍ കുമാരസ്വാമിയുടെ നീക്കങ്ങള്‍ക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ