ബെംഗളൂരു: ജെ.ഡി.എസ്. നേതാവും മുന്‍ ഹാസന്‍ എം.പിയും നിരവധി ലൈംഗികാതിക്രമക്കേസിലെ കുറ്റാരോപിതനുമായ പ്രജ്ജ്വല്‍ രേവണ്ണ തെറ്റുചെയ്‌തെന്ന് തെളിഞ്ഞാല്‍ അവനെ തൂക്കിക്കൊല്ലട്ടെ എന്ന് ജെ.ഡി.എസ്. എം.എല്‍.എയും പ്രജ്ജ്വലിന്റെ അച്ഛനുമായ എച്ച്. ഡി. രേവണ്ണ. കര്‍ണാടക നിയസഭയിലായിരുന്നു എച്ച്.ഡി. രേവണ്ണ ഇക്കാര്യം പറഞ്ഞത്.
‘എന്റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിക്കൊല്ലട്ടെ. ഞാനൊരിക്കലും അരുതെന്ന് പറയില്ല,’ എച്ച്.ഡി. രേവണ്ണ നിയമസഭയില്‍ പറഞ്ഞു.
ഇതിന് പുറമെ തനിക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന ഡി.ജി.പി അലോക് മോഹനെ അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് മേധാവിയാകാന്‍ യോഗ്യതയില്ലാത്തയാളാണ് അലേക് മോഹന്‍ എന്നാണ് എച്ച്. ഡി. രേവണ്ണ പറഞ്ഞത്.
പ്രജ്ജ്വല്‍ രേവണ്ണയുടെ പേരിലുള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെയും വാല്മീകി കോര്‍പ്പറേഷന്‍ ഫണ്ട് തിരിമറിക്കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെയും പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്ത് പ്രതിപക്ഷ നേതാവ് ആര്‍. അശോക സംസാരിച്ചതിന് തുടര്‍ച്ചയായാണ് എച്ച്. ഡി. രേവണ്ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ 25 വര്‍ഷം ജനപ്രതിനിധിയായിരുന്ന ആളാണ്. 40 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള വ്യക്തിയാണ്. എനിക്കെതിരെ ഒരു സ്ത്രീയെ ഡയറക്ടര്‍ ജനറലിന്റെ ഓഫീല്‍ കൊണ്ടുവന്നു. ഡി.ജി.പി പരാതി എഴുതി വാങ്ങുകയും ചെയ്തു.
അദ്ദേഹം ഡയറക്ടര്‍ ജനറലിന്റെ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ? അയാള്‍ ആ സ്ഥാനത്തിന് ചേര്‍ന്നവനല്ല. ഇതൊരു നാണംകെട്ട സര്‍ക്കാരാണ്,’ എച്ച്.ഡി. രേവണ്ണ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസാണ് പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍. നിരവധി പേരെ പ്രജ്ജ്വല്‍ പീഡനത്തിനരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍.
ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ ഉടനീളം വിതരണം ചെയ്യപ്പെടുകയും ചെയ്തു.