മുംബൈ: മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിനു മുമ്പില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെ പ്രതിഷേധവുമായി ജെ.ഡി.എസ് നേതാവ് നാരായണ്‍ ഗൗഡയുടെ അനുയായികള്‍. രാജിവെച്ച വിമത എം.എല്‍.എമാരെ കാണാനായി ഡി.കെ ശിവകുമാര്‍ മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിനു മുമ്പിലെത്തിയപ്പോഴായിരുന്നു ജെ.ഡി.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഡി.കെ ശിവകുമാറും ജെ.ഡി.എസ് നേതാവ് ജി.ടി ദേവഗൗഡയുമാണ് മുംബൈയിലെ ഹോട്ടലിനു മുമ്പിലുള്ളത്.
ഇരുവരേയും മുംബൈ പൊലീസ് ഹോട്ടലിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. ‘പൊലീസ് ഞങ്ങളെ ഉള്ളിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. എം.എല്‍.എമാര്‍ ഭയന്നിട്ടില്ല. പക്ഷേ ബി.ജെ.പി നേതാക്കളെ ഹോട്ടലിലേക്ക് കടക്കാന്‍ അനുവദിക്കുന്നുണ്ട്. എങ്ങനെയാണത്?’ ജി.ടി ദേവഗൗഡ ചോദിക്കുന്നു.
തന്റെ പക്കല്‍ ആയുധമില്ലെന്നും ഒരു ഹൃദയം മാത്രമേയുള്ളൂവെന്നും ഡി.കെ മുംബൈ പൊലീസിനോടു പറഞ്ഞു.
‘ഞാന്‍ ഈ ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തിട്ടുണ്ട്. എം.എല്‍.എമാര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഇന്നലെ ഇവിടെ ബി.ജെ.പി നേതാക്കള്‍ വന്നിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് മാത്രം അവരെ കണ്ടുകൂടാ?’ എന്ന് ഡി.കെ ശിവകുമാര്‍ പൊലീസിനോടു ചോദിച്ചു.