ബെംഗളൂരു: കര്‍ണാടകത്തില്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന ജെ.ഡി.എസ് നേതാവ് ബസവരാജ് ഹൊറാട്ടി. ഡിസംബര്‍ അഞ്ചിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വേണ്ടത്ര സീറ്റുകളില്ലാതായാല്‍ ബി.ജെ.പി സര്‍ക്കാരിനെ ജെ.ഡി.എസ് താങ്ങിനിര്‍ത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ താഴെ വീഴുക വഴി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത് ഒഴിവാക്കണമെന്നാണ് പാര്‍ട്ടി എം.എല്‍.എമാരുടെ താത്പര്യമെന്നും എം.എല്‍.സി കൂടിയായ ഹൊറാട്ടി പറഞ്ഞു.
‘സര്‍ക്കാര്‍ താഴെ വീഴാന്‍ അനുവദിക്കില്ലെന്ന് കുമാരസ്വാമിയും ദേവഗൗഡയും പറഞ്ഞിരുന്നു. അവരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പിക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ പിന്തുണച്ചേക്കുമെന്ന സാധ്യതയെക്കുറിച്ചു ഞാന്‍ പറഞ്ഞത്. ഞാനിപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.
ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും ജെ.ഡി.എസിലെയും ഒരു എം.എല്‍.എമാരും സര്‍ക്കാര്‍ വീഴാനും അതുവഴി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഏത് സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും തങ്ങളുടെ എം.എല്‍.എ പദവി മൂന്നരവര്‍ഷം കൂടി തുടരണമെന്നാണ് എല്ലാ എം.എല്‍.എമാരും ആഗ്രഹിക്കുന്നത്.’- അദ്ദേഹം പറഞ്ഞു.
കര്‍ണാടകത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വരുന്നതില്‍ താത്പര്യമില്ലെന്നും ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നും ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ പറഞ്ഞിരുന്നു. ഈ സമയം തങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടി ശക്തിപ്പെടുത്താന്‍ സമയം ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇടഞ്ഞുനില്‍ക്കുന്ന ജെ.ഡി.എസ് എം.എല്‍.സിമാരെ നയിക്കുന്നത് ഹൊറാട്ടിയാണ്. പാര്‍ട്ടി നേതൃത്വം തങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ ഇക്കഴിഞ്ഞ യോഗത്തില്‍ പരിഹരിച്ചതായാണ് ഹൊറാട്ടി അവകാശപ്പെടുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ 15 മണ്ഡലങ്ങളിലാണ് ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 17 എം.എല്‍.എമാരെയാണ് അയോഗ്യരാക്കിയത്. വിശ്വാസ വോട്ടെടുപ്പില്‍ ഇവരുടെ രാജിയും അസാന്നിധ്യവുമാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കിയത്.
ഇതുവഴി ജൂലൈയില്‍ ബി.ജെ.പി ഭരണത്തിലേറുകയായിരുന്നു. അയോഗ്യരാക്കപ്പെട്ട 13 എം.എല്‍.എമാര്‍ക്ക് ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നു.