| Monday, 17th July 2023, 10:53 am

ജെ.ഡി.എസ് കേരളഘടകം ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ല: മന്ത്രി കൃഷ്ണന്‍ കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ നേതൃത്വം എന്‍.ഡി.എക്കൊപ്പം നിന്നാലും കേരളത്തിലെ ജെ.ഡി.എസ് ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കി വൈദ്യുതവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. തങ്ങള്‍ ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരാണെന്നും അവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങള്‍ ബി.ജെ.പിക്കെതിരായാണ് മത്സരിച്ചത്. ബി.ജെ.പിയുടെ സാമ്പത്തിക നയവും മറ്റ് നയങ്ങളും ഉള്‍പ്പെടെ എതിര്‍ത്താണ് നില്‍ക്കുന്നത്. ഒരിക്കലും ബി.ജെ.പിയുമായി ചേര്‍ന്നുള്ള ഒരു പരിപാടിക്കുമില്ല. കേരളത്തിലുള്ള പാര്‍ട്ടി ഒരിക്കലും ബി.ജെ.പിയുടെ കൂടെ പോകാന്‍ നില്‍ക്കില്ല. ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി തന്നെ നില്‍ക്കും.

സിവില്‍ കോഡിനെതിരെ ശക്തമായി നില്‍ക്കുകയാണ് നമ്മുടെ പാര്‍ട്ടി. സമാന മനസ്‌കരായ എല്ലാവരും ചേര്‍ന്ന് നില്‍ക്കാനുള്ള വഴി കൂടി കണ്ടെത്തും. ബി.ജെ.പിയുമായുള്ള സഖ്യം ഞങ്ങളെ പോലുള്ളവര്‍ക്ക് യോജിക്കാന്‍ പറ്റില്ല,’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ദേശീയ നേതൃത്വം എന്‍.ഡി.എയിലേക്ക് ചേരാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളാണ് വരുന്നത്. എന്‍.ഡി.എ സഖ്യയോഗത്തിലേക്ക് ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന കാര്യം ആലോചിക്കുമെന്നും ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ പറഞ്ഞു. എന്‍.ഡി.എ സഖ്യത്തില്‍ ജെ.ഡി.എസ് ചേരുകയാണെങ്കില്‍ കുമാരസ്വാമി പ്രതിപക്ഷ നേതൃ പദവി ചോദിക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

അതേസമയം ബി.ജെ.പിക്കെതിരെയുള്ള വിശാല സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യ യോഗം ഇന്ന് മുതല്‍ ബെംഗളൂരുവില്‍ നടക്കുകയാണ്. താജ് വെസ്റ്റ്എന്‍ഡ് ഹോട്ടലില്‍ രണ്ട് ദിവസമാണ് യോഗം ചേരുന്നത്. നേരത്തെ പട്നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ ജൂണ്‍ 23ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ 15 കക്ഷികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണത്തെ യോഗത്തില്‍ 24 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ പാര്‍ട്ടികളില്‍ നിന്ന് 49 നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ എത്തും എന്നാണ് കണക്കുകൂട്ടുന്നത്.

ദല്‍ഹി ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആം ആദ്മി പാര്‍ട്ടിയും യോഗത്തിനെത്തും. കര്‍ണാടകയിലെ കോണ്‍ഗ്രസാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. വൈകീട്ട് ആറ് മുതല്‍ എട്ട് വരെയാണ് ആദ്യ യോഗം. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും.

നാളെയാണ് പ്രധാന യോഗം. രാവിലെ 11 മുതല്‍ വൈകീട്ട് വരെ ഈ യോഗം തുടരും. പ്രതിപക്ഷ ഐക്യനിരയ്ക്ക് പേര് വേണമോ, ചെയര്‍മാനെ നിശ്ചയിക്കണോ എന്നൊക്കെയുള്ള കാര്യത്തില്‍ ഇന്നും നാളെയും നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമാകും.

CONTENT HIGHLIGHTS: JDS Kerala unit will never go to BJP: Krishnan Kutty

We use cookies to give you the best possible experience. Learn more