തിരുവനന്തപുരം: ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടിയാകുമെന്ന് എം.എൽ.എയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ മാത്യു ടി. തോമസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ ഒരു പാർട്ടിയെന്ന നിലയിലാണ് ജെ.ഡി.എസ് നേതൃത്വത്തെ കാണാൻ കഴിയുക. എന്നാൽ കേരള ഘടകം വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മാത്യു ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ രേഖകളില്‍ സാങ്കേതികമായും നിയമപരമായും മാറ്റങ്ങള്‍ വേണ്ടതുണ്ട്. ബി.ജെ.പിയെ പിന്തുണക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമായി മുന്നോട്ടുപോകാന്‍ കേരളത്തിലെ ഘടകം താത്പര്യപ്പെടുന്നില്ലെന്നും മാത്യു ടി. തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മറ്റു നിയമപ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ട്, തദ്ദേശീയ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെ പ്രതിനിധികള്‍ക്ക് നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്നതില്‍ തടസമുണ്ടാകാത്ത രീതിയിലുള്ള നടപടികള്‍ എടുക്കാന്‍ പാര്‍ട്ടി യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെ.ഡി.എസ് കേരള ഘടകത്തിന്റെ പേരില്‍ മാറ്റം വരുത്തി പുതിയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുമെന്നും മാത്യു ടി. തോമസ് വ്യക്തമാക്കി.
ഇതിന്റെ നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് ദേശീയ ഘടകം പിന്മാറിയാല്‍ ജെ.ഡി.എസില്‍ ലയിക്കുമെന്നും മാത്യു ടി. തോമസ് വ്യക്തമാക്കി.
തങ്ങള്‍ ബി.ജെ.പി ഇതര ചേരിയിലാണെന്നതില്‍ അന്തസുണ്ടെന്നും ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കുമെന്നും മാത്യു ടി. തോമസ് പറഞ്ഞു. തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.എസ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.
Content Highlight: JDS Kerala unit will be the new party