തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നിലെ പ്രധാന കാരണം കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം; കര്‍ണാടക കോണ്‍ഗ്രസ് നേതാവ് കെ.എച്ച് മുനിയപ്പ
India
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നിലെ പ്രധാന കാരണം കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം; കര്‍ണാടക കോണ്‍ഗ്രസ് നേതാവ് കെ.എച്ച് മുനിയപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2019, 1:30 pm

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നേരിട്ട വലിയ തോല്‍വിക്ക് പിന്നിലെ കാരണം ജെ.ഡി.എസുമായി ഉണ്ടാക്കിയ സഖ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എച്ച് മുനിയപ്പ.

ദേവഗൗഡയെപ്പോലൊരാള്‍ തോല്‍ക്കുന്നത് നിങ്ങള്‍ എവിടെയെങ്കിലും കേട്ടുകേള്‍വിയുള്ള കാര്യമാണോ? ഇത് ആരേയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ല. ഭാവിയിലെങ്കിലും തെറ്റ് തിരുത്താന്‍ വേണ്ടിയാണ് പറയുന്നത്”- എന്നായിരുന്നു മുനിയപ്പയുടെ പ്രസ്താവന. കോലാര്‍ മണ്ഡലത്തിലെ എം.പി കൂടിയാണ് ഇദ്ദേഹം.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം അബദ്ധമായിരുന്നെന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മുനിയപ്പയും സമാന പരാമര്‍ശവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിച്ചിരുന്നെങ്കില്‍ 16 സീറ്റെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നു.

ഒട്ടും വൈകാതെ കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പുവേണ്ടിവരുമെന്ന ദേവഗൗഡയുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു മുന്നണിയിലെ അസ്വാരസ്യം വെളിവാക്കി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയത്.

എന്നാല്‍ ദേവഗൗഡ പറഞ്ഞതിനെ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് ദിനേശ് ഗുണ്ടു റാവുവും കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ദേവഗൗഡ പറഞ്ഞത് എന്നായിരുന്നു കുമാരസ്വാമിയുടെ വാദം. സഖ്യ സര്‍ക്കാരിന് ഒരു തരത്തിലുള്ള ഭീഷണിയുമില്ലെന്ന് കോണ്‍ഗ്രസ് വക്താവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിലപാട് മാറ്റി ദേവഗൗഡയും രംഗത്തെത്തിയിരുന്നു.