| Thursday, 7th July 2016, 11:10 am

നേമം തോല്‍വി; വോട്ടു കച്ചവടം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജെ.ഡി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നേമത്ത് വോട്ടുകച്ചവടം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജെ.ഡി.യു. തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന കെ.പി.സി.സി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. അടിയന്തിരമായി യു.ഡി.എഫ് യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ജെ.ഡി.യു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ഗതി നേമത്തെ റിപ്പോര്‍ട്ടിന് സംഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതി നേമത്തെ തോല്‍വി സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നേമത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായും യു.ഡി.എഫിനെ രാഷ്ട്രീയമായി വഞ്ചിച്ചതായും റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. വിഷയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെ.പി.സി.സി നേതൃത്വത്തിന് മാറിനില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ടിന്മേല്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് സീറ്റ് ആവശ്യപ്പടുമെന്നും. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത എവിടെയും ഇനി മത്സരിക്കില്ലെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more