പാട്‌ന: ജാതി സെന്‍സസില്‍ ബി.ജെ.പിയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ജെ.ഡി.യു. വിവിധ വിഷയങ്ങളില്‍ ഏകോപനമുണ്ടാക്കുന്നതിനായി എന്‍.ഡി.എ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ജെ.ഡി.യു ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പദത്തിലേക്ക് എല്ലാ യോഗ്യതയുമുള്ള നേതാവാണ് നിതീഷ് കുമാറെന്നും എന്നാല്‍ ഇതിനായുള്ള മത്സരത്തിലേക്കില്ലെന്നും പറഞ്ഞുള്ള പ്രമേയം പാസാക്കുന്ന അസാധാരണ നടപടിയിലേക്കും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം എത്തി.
നിതീഷ് പ്രധാനമന്ത്രി പദത്തിലേക്ക് കരുക്കള്‍ നീക്കുന്നുവെന്ന തരത്തില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ടെന്നും അത് ദുരീകരിക്കാനാണ് പ്രമേയം പാസാക്കിയതെന്നുമാണ് ജെ.ഡി.യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സി. ത്യാഗി പറഞ്ഞു.
എന്‍.ഡി.എ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന ആവശ്യം തങ്ങള്‍ മുന്നണിയ്ക്ക് മുന്‍പാകെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘എ.ബി. വാജ്‌പേയുടെ കാലത്തും ഇത്തരത്തില്‍ എന്‍.ഡി.എ പാനല്‍ പ്രവര്‍ത്തിച്ചിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ള വിഷയങ്ങളില്‍ ഏകോപനമുണ്ടാക്കാന്‍ ഇത്തരം കമ്മിറ്റികള്‍ സഹായിക്കും,’ ത്യാഗി പറഞ്ഞു.
നേരത്തെ ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.
ഇതിന് പിന്നാലെ വേണ്ടി വന്നാല്‍ എന്‍.ഡി.എയ്ക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന് മുതിര്‍ന്ന ജെ.ഡി.യു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞിരുന്നു.
ജെ.ഡി.യു എന്‍.ഡി.എ സഖ്യകക്ഷിയായിരിക്കാം. പക്ഷേ തങ്ങളുടെ ആവശ്യം നിറവേറ്റാനായില്ലെങ്കില്‍ ഒത്തുതീര്‍പ്പുകളൊന്നും ഉണ്ടായിരിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
” പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടയാളാണെന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജാതി സെന്‍സസ് എന്ന ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ എന്‍.ഡി.എയുടെ ഭാഗമാണെന്നത് പ്രശ്നമല്ല, ആവശ്യം നിറവേറ്റുന്നില്ലെങ്കില്‍ സംഘട്ടനം ഉണ്ടാകും,”എന്നായിരുന്നു കുശ്വാഹ പറഞ്ഞിരുന്നത്.
ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നിതീഷ് കുമാറും നേരത്തെ പറഞ്ഞിരുന്നു.
ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബി.ജെ.പിയുമായുള്ള അഭിപ്രായഭിന്നത നിതീഷ് കുമാര്‍ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്ക് മുഖ്യമന്ത്രി ആകണമെന്നുണ്ടായിരുന്നില്ലെന്നും നിര്‍ബന്ധം മൂലമാണ് സ്ഥാനം ഏറ്റെടുത്തതെന്നും നിതീഷ് പറഞ്ഞിരുന്നു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരായ നിലപാടായിരുന്നു നിതീഷും ജെ.ഡി.യുവും സ്വീകരിച്ചത്.