ന്യൂദൽഹി: ബീഹാറിന് പ്രത്യേക പദവിയും പ്രത്യേക സാമ്പത്തിക പാക്കേജും വേണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി ജെ.ഡി.യു. ന്യൂദൽഹിയിൽ വെച്ച് നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
‘ഞങ്ങളുടെ പ്രമേയത്തിൽ ബീഹാറിന് പ്രത്യേക പദവിയും പ്രത്യേക സാമ്പത്തിക പാക്കേജും ഉൾപ്പെടുന്നു. ഇവ രണ്ടിന് വേണ്ടിയും പോരാടുന്നത് ഞങ്ങൾ തുടരും,’ ജെ.ഡി.യു രാഷ്ട്രീയ ഉപദേഷ്ടാവും ദേശീയ വക്താവുമായ കെ.സി ത്യാഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2023ൽ എൻ.ഡി.എ സഖ്യത്തിൽ ചേരുന്നതിന് മുമ്പ് തന്നെ ബീഹാറിന് പ്രത്യേക പദവി നൽകിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞ ബി.ജെ.പിക്ക് സഖ്യ കക്ഷികളെ ആശ്രയിക്കേണ്ടി വന്നതിനാൽ ജെ.ഡി.യു ഇപ്പോൾ ബി.ജെ.പിയുടെ പ്രധാന സഖ്യ കക്ഷിയാണ്. ഇതിനാൽ തന്നെ ബി.ജെ.പിക്ക് സഖ്യകക്ഷികളുടെ ആവശ്യം പരിഗണിക്കേണ്ടതായി വരുമെന്നാണ് വരുമെന്നാണ് സൂചനകൾ.
എന്നാൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം പ്രത്യേകപദവി ദീർഘകാലമായുള്ള ആവശ്യമാണെങ്കിലും ബി.ജെ.പിയോട് ഈ ആവശ്യം മുൻവ്യവസ്ഥയായി വെച്ചിട്ടില്ലെന്ന് ത്യാഗി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രത്യേക പദവി ഞങ്ങളുടെ ദീർഘ കാലമായുള്ള ആവശ്യമാണ്. എന്നാൽ അത് സഖ്യത്തിൽ ചേരാനുള്ള ഒരു മുൻ വ്യവസ്ഥയായി ഞങ്ങൾ കാണുന്നില്ല. ഈ സർക്കാരിനെ പിന്തുണക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ ഞങ്ങൾ പ്രത്യേക പദവി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശനിയാഴ്ച നടത്തിയ ജെ.ഡി.യു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം താൻ എൻ.ഡി.എയിൽ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പക്ഷം മാറുന്ന പ്രശ്‌നമില്ലെന്നും ത്യാഗി കൂട്ടിച്ചേർത്തു.
അതോടൊപ്പം ഒ.ബി.സി,ഇ.ബി.സി,എസ.സി എന്നീ വിഭാഗങ്ങൾക്കുള്ള സംവരണം വർധിപ്പിക്കാനുള്ള ബീഹാർ സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ പട്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും പാർട്ടി യോഗത്തിൽ തീരുമാനിച്ചു.
‘സംവരണം വർധിപ്പിക്കാനുള്ള ബീഹാർ സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്,’ കെ.സി ത്യാഗി പറഞ്ഞു.
Content Highlight: JD(U) Passes Resolution Seeking Special Category Status and Economic Package for Bihar