പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ നയിക്കുന്നത് നിതീഷ് കുമാര്‍ തന്നെയാണെന്നും പുറത്തുപോകേണ്ടവര്‍ക്ക് പുറത്തുപോകാമെന്നും ജെ.ഡി.യു സെക്രട്ടറി ജനറല്‍ കെ.സി ത്യാഗി പറഞ്ഞു. ഇടഞ്ഞുനില്‍ക്കുന്ന എല്‍.ജെ.പിയെ ഉന്നം വെച്ചാണ് കെ.സി ത്യാഗിയുടെ പ്രസ്താവന.
‘എന്‍.ഡി.എ നിതീഷ് കുമാറിന് കീഴിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്‍.ജെ.പിയ്ക്ക് വേണമെങ്കില്‍ പുറത്തുപോകാം. അവര്‍ സ്വതന്ത്രരാണ്’, കെ.സി ത്യാഗി പറഞ്ഞു.
നേരത്തെ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്ന എല്‍.ജെ.പി മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ എല്‍.ജെ.പി മുന്നണി വിട്ടാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് ജെ.ഡി.യു അറിയിച്ചു.
243 അംഗ ബീഹാര്‍ നിയമസഭയില്‍ രണ്ട് എം.എല്‍.എമാരാണ് എല്‍.ജെ.പിക്കുള്ളത്. എല്‍.ജെ.പി പിന്തുണ പിന്‍വലിച്ചാല്‍ത്തന്നെ സര്‍ക്കാരിന് ഇളക്കം തട്ടില്ലെന്നാണ് ജെ.ഡി.യുവിന്റെ നിലപാട്.
നിതീഷ് കുമാറിന്റെ ഭരണത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ കുറച്ചു നാളായി എല്‍.ജെ.പിയുടെ ചിരാഗ് പാസ്വാന്‍ നടത്തിവരുന്നത്. ജെ.ഡിയുവുമായി സംസ്ഥാനത്ത് തങ്ങള്‍ സഖ്യത്തിലല്ലെന്നും ബി.ജെ.പിയുമായി മാത്രമാണ് തങ്ങളുടെ സഖ്യമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
എല്‍.ജെ.പിയോട് ഒട്ടും അനുനയപ്പെട്ട പ്രതികരണമല്ല ജെ.ഡി.യുവും നടത്തുന്നത്. സംസ്ഥാനത്തെ ബി.ജെ.പിയുമായി എല്ലാ കാര്യങ്ങളിലും, സീറ്റ് നിര്‍ണയത്തിലടക്കം മികച്ച ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് ജെ.ഡി.യു പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: JD-U Never Had Alliance With LJP KC Tyagi NDA Bihar Election