പാട്‌ന: ബിഹാറില്‍ എന്‍.പി.ആര്‍ നടപടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ജെ.ഡി.യു നേതാവ്. ബിഹാറില്‍ എന്‍.പി.ആറിനുള്ള വിവരശേഖരണം മേയ് മാസത്തില്‍ ആരംഭിക്കുമെന്ന ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജെ.ഡി.യു നേതാവ് പവന്‍ കെ വര്‍മ്മയുടെ പരാമര്‍ശം.
പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള പാര്‍ട്ടി നിലപാട് പുനപരിശോധിക്കേണ്ടതുണ്ടെന്ന് നേരത്തെയും താന്‍ പറഞ്ഞതാണെന്നും പവന്‍ കെ വര്‍മ്മ പറഞ്ഞു. എന്നാല്‍ തന്റെ അഭിപ്രായം ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എന്‍.ആര്‍.സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുശീല്‍ കുമാര്‍ മോദിയുടെ പ്രസ്താവന അതിശയിപ്പിക്കുന്നുവെന്നും പവന്‍ പറഞ്ഞു.
‘എന്‍.പി.ആര്‍ എന്നത് എന്‍.ആര്‍.സിയുടെ ആദ്യപടിയാണെന്നതിനെക്കുറിച്ച് താങ്കള്‍ക്ക് ധാരണയുണ്ടോ? മേയ് 15 നും മേയ് 28 നും ഇടയില്‍ എന്‍.പി.ആറിനായുള്ള വിവരശേഖരണം നടത്തും എന്ന ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നു’
പൗരത്വ നിയമത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.